വൈദ്യുതി പോസ്റ്റിലെ കേബിളുകൾക്ക് തീ പിടിച്ചു
1484315
Wednesday, December 4, 2024 5:20 AM IST
മാന്നാർ: വൈദ്യുതി പോസ്റ്റിലെ കേബിളുകളിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ബസ് സ്റ്റാൻഡിനു സമീപത്തുള്ള വൈദ്യുതി പോസ്റ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. വൈദ്യുതി പോസ്റ്റിൽ ഉണ്ടായിരുന്ന വിവിധ കമ്പനികളുടെ ഫൈബർ കേബിളുകളിലാണ് തീ പടർന്നത്.
വൈദ്യുതി ലൈൻ ഷോർട്ടായി വീണ തിപ്പൊരിയിൽനിന്ന് തീ പടർന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കെ ഫോൺ, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള നിരവധി കമ്പനികളുടെ ഒപ്ടിക്കൽ ഫൈബർ കേബിളുകളാണ് പോസ്റ്റുകളിൽ ഉണ്ടായിരുന്നത്. മാന്നാർ പോലീസും മാവേലിക്കരയിൽനിന്നുള്ള അഗ്നിശമന സേനയും എത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവാക്കി.