തൈക്കല്‍-അന്ധകാരനഴി റോഡിന്റെ തകര്‍ച്ച : കളക്ടറേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നിരാഹാരസമരം ഇന്ന്
1484313
Wednesday, December 4, 2024 5:20 AM IST
ചേര്‍ത്തല: തൈക്കല്‍ മുതല്‍ അന്ധകാരനഴി വരെയുള്ള തീരദേശ റോഡിന്റെ തകര്‍ച്ചയ്ക്കു പരിഹാരമാവശ്യപ്പെട്ട് സമരം ശക്തമാക്കി കോണ്‍ഗ്രസ്. വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് പട്ടണക്കാട്-കടക്കപ്പള്ളി പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ ബുധനാഴ്ച കളക്ടറേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തും.
റോഡ് തകര്‍ച്ചയ്ക്കു പരിഹാരമുണ്ടാക്കാതെ പൊതുമരാമത്തു വകുപ്പും മന്ത്രി പി. പ്രസാദും തീരദേശ ജനതയെ കബളിപ്പിക്കുകയാണെന്ന് പഞ്ചായത്തു പ്രസിഡന്റുമാരായ ജയിംസ് ചിങ്കുതറ, ടി.എസ്. ജാസ്മിന്, ജില്ലാപഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്, ജനപ്രതിനിധികളായ സിനിമോള്‍ സാലസ്, പി.ആര്. രാജേഷ്, സന്തോഷ് പുല്ലാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതുമുതല്‍ വൈകിട്ടുവരെയാണ് സമരം.
പ്രഖ്യാപനങ്ങളല്ല റോഡിന്റെ പുനര്‍നിര്‍മാണമാണു വേണ്ടതെന്ന ആവശ്യമുയര്‍ത്തിയാണ് സമരം. തകര്‍ച്ചയെ തുടര്‍ന്ന് റോഡില്‍ നിരന്തരം അപകടങ്ങളുമുണ്ടാകുന്നുണ്ട്. വിഷയത്തില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്കി.