ചന്പക്കുളത്ത് തെരുവുനായ ശല്യം രൂക്ഷം
1484309
Wednesday, December 4, 2024 5:20 AM IST
മങ്കൊമ്പ്: രൂക്ഷമായ തെരുവുനായ ശല്യത്തിൽനിന്നു ജനങ്ങളെ രക്ഷിക്കണമെന്ന് ചമ്പക്കുളം വികസനസമിതി ആവശ്യപ്പെട്ടു. ചമ്പക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു.
ചില പ്രദേശങ്ങളിൽ വളർത്തുനായ്ക്കളും തെരുവുനായ്ക്കളും പ്രധാന റോഡുകളിലും കവലകളിലും എത്തി കടിപിടി കൂടുന്നതും പതിവാണ്. നായ്ക്കൾ കൂട്ടത്തോടെ എത്തുന്ന സമയത്ത് അതുവഴി വരുന്ന കാൽനടയാത്രക്കാരെയും ഇരുചക്രവാഹനക്കാരെയും ആക്രമിക്കുന്നതും പതിവാണ്.
എസി റോഡിൽ ചമ്പക്കുളം പഞ്ചായത്ത് പരിധിയിൽ പുതിയതായി നിർമിച്ചിട്ടുള്ള മൂന്നു മേൽപ്പാലങ്ങൾക്ക് താഴെയാണ് ഒട്ടുമിക്ക തെരുവ് നായ്ക്കളുടെയും ആവാസകേന്ദ്രം.
മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമം അനുസരിച്ച്എ ബി സി കേന്ദ്രം സ്ഥാപിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും വളർത്തുനായ്ക്കൾ ഉൾപ്പെടെ എല്ലാ നായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചമ്പക്കുളം വികസന സമിതി ആവശ്യപ്പെട്ടു.
സമിതി പ്രഡിഡന്റ് ഡി തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഗസ്റ്റിൻ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ. ശശിധരൻ, സി. രാജു കോലപ്പള്ളി, കെ മുരളി, എ.എസ്. സിന്ധുമോൾ എന്നിവർ പ്രസംഗിച്ചു.