വാഹനങ്ങളുടെ നികുതി രസീത് തയാറാക്കി തട്ടിപ്പ്: യുവാവിനെ പിടികൂടി
1484270
Wednesday, December 4, 2024 5:12 AM IST
ചേര്‍ത്തല: വാഹനങ്ങളുടെ നികുതി രസീത് വ്യാജമായി തയാറാക്കി തട്ടിപ്പു നടത്തിയ യുവാവിനെ ചേര്‍ത്തല പോലീസ് പിടികൂടി. മാരാരിക്കുളം വടക്കുപഞ്ചായത്ത് എസ്എന്‍ പുരം വേലംവെളി വിലാസ് (34) ആണ് പിടിയിലായത്.
ചേര്‍ത്തല ജോയിന്റ് ആര്‍ടിഒയുടെ പരാതിയെത്തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇയാളെ കുടുക്കിയത്. ഒരുവര്‍ഷത്തിനും മുമ്പ് ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ താത്കാലിക സഹായിയായി ഇയാള്‍ ജോലിനോക്കിയിരുന്നു.
കമ്പ്യൂട്ടറില്‍ വൈദഗ്ധ്യമുള്ള വിലാസ് ഇവിടെനിന്നു വിട്ടതിനു ശേഷവും വാഹന ഉടമകളില്‍നിന്നും തുക കൈപ്പറ്റി നികുതി ഒണ്‍ലൈനായി അടച്ചു രസീത് നല്‍കിയിരുന്നു. ഇത്തരത്തില്‍ അടച്ച രസീതുമായി ഒരു വാഹന ഉടമ ആര്‍ടിഒ ഓഫീസിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രസീത് വ്യാജമെന്നു തെളിഞ്ഞത്.
നിലവില്‍ നാലു പരാതികളാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്നത്. രണ്ടെണ്ണം പണം നല്കി പരിഹരിച്ചിരുന്നു. എന്നാല്‍, രണ്ടു കേസുകളില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ മുദ്രപതിച്ച രസീതുകളാണ് ഇയാള്‍ വ്യാജമായി തയാറാക്കി നല്‍കിയിരുന്നത്.
ഇത്തരത്തില്‍ കൂടുതല്വ്യാജ രേഖകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ പരിശോധനകള്‍ നടക്കുകയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.