ഉത്പാദനച്ചെലവ് താങ്ങാനാകുന്നില്ല : നെല്ല് സംഭരണം: അധികവിലയും നൽകിയിട്ടില്ലെന്ന് കർഷകർ
1484268
Wednesday, December 4, 2024 5:12 AM IST
തിരുവല്ല: നെല്ലിന്റെ സംഭരണവിലയിൽ കേന്ദ്രം പ്രഖ്യാപിച്ച 1.17 രൂപയുടെ അധികവർധന കർഷകർക്കു നൽകാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളി നടത്തുന്നതായി കർഷകർ.
ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ സംഭരണവിലയിൽ വർധന ആവശ്യപ്പെട്ട് കർഷക സംഘടനകൾ നൽകിയ നിവേദനത്തെത്തുടർന്നാണ് കേന്ദ്ര സഹായമായി 1.17 രൂപ കിലോഗ്രാമിന് അനുവദിച്ചത്. എന്നാൽ, സംസ്ഥാനത്ത് കിലോയ്ക്ക് 28. 20 രൂപ നിരക്കിൽ സപ്ലൈകോ നെല്ല് സംഭരിക്കുമെന്നാണ് സർക്കാർ ഉത്തരവ്. കഴിഞ്ഞവർഷത്തെ അതേ വിലയാണ് ഇതിലൂടെ കർഷകർക്ക് ലഭിക്കുന്നത്.
വളത്തിന്റെയും കീടനാശിനികളുടെയും വിലയിലും കൂലിയിലും ക്രമാതീതമായ വർധനയാണ് കർഷകർക്കുണ്ടായിരിക്കുന്നത്. ഹാൻഡിലിംഗ് ചാർജ് ഒരു ക്വിന്റലിന് 300 രൂപ വരെ കർഷകർ നൽകേണ്ടി വരുമ്പോൾ ലഭിക്കുന്നത് 2002-ൽ നിശ്ചയിച്ച വെറും 12 രൂപ മാത്രമാണ്. ഇതെല്ലാം കണക്കിലെടുത്ത് നെൽവിലയിൽ ഉത്പാദനച്ചെലവിന് ആനുപാതികമായ വർധന നൽകേണ്ടതിനു പകരം ലഭിക്കുന്ന ആനുകൂല്യം പോലും തട്ടിത്തെറിപ്പിക്കുകായണെന്ന് വിവിധ കർഷക സംഘടനകൾ കുറ്റപ്പെടുത്തി.
കർഷകരോടുള്ള വെല്ലുവിളി
നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രസർക്കാർ വർധിപ്പിച്ച 1.17 രൂപ സംസ്ഥാന സർക്കാർ കവർന്നെടുത്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി പറഞ്ഞു. 28.20 രൂപ കഴിഞ്ഞവർഷത്തെ സംഭരണവിലയാണ്. അതിനുശേഷമാണ് ഈ വർഷം കേന്ദ്ര ഗവൺമെന്റ് താങ്ങുവിലയിൽ 1. 17 രൂപയുടെ വർധന വരുത്തിയത്.
ഉത്പാദനച്ചെലവിന് ആനുപാതികമായ വർധന വരുത്തേണ്ടിടത്ത് ഉള്ളതുപോലും കവർന്നെടുക്കുന്ന സർക്കാർ സമീപനം ക്രൂരവും കർഷക സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പുതുശേരി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാർ താങ്ങുവില വർധിപ്പിക്കുന്നത് സൗകര്യമാക്കി ആ തുക സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതത്തിൽനിന്ന് കുറച്ച് ബാധ്യതയിൽനിന്ന് ഒഴിവാകുന്നത് സംസ്ഥാന സർക്കാർ സ്ഥിരം പതിവാക്കിയിരിക്കുകയാണ്. 2023-ൽ കേന്ദ്രസർക്കാർ ഒരു രൂപ കൂട്ടിയപ്പോഴും സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതത്തിൽനിന്ന് ആ തുക കുറച്ച് സംസ്ഥാന സർക്കാർ കർഷകരെ കബളിപ്പിച്ചിരുന്നു.
2017 - 18-ലും 18-19ലും കേന്ദ്രസർക്കാർ താങ്ങുവില വർധിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ ഒരു പൈസ പോലും കൂട്ടിയില്ല. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ അവസാന ബജറ്റിൽ 52 പസയും ഇപ്പോഴത്തെ ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റിൽ 20 പൈസയും വർധന പ്രഖ്യാപിച്ചെങ്കിലും അതു നൽകിയില്ല.
കുറവുവരുത്താതെ പ്രഖ്യാപനങ്ങൾ എല്ലാം കൂടി കൂട്ടിയാൽ 30.21 രൂപ ലഭിക്കേണ്ട സ്ഥാനത്താണ് 28. 20 രൂപ സംഭരണ വിലയെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇതു പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നതിനു തുല്യമാണെന്നും പ്രഖ്യാപിച്ച തുകയെങ്കിലും കർഷകർക്ക് ഉറപ്പാക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു.