മത്സരാര്‍ഥികൾക്ക് ഉറക്കമില്ലാ രാത്രി, മത്സരം അവസാനിച്ചത് പുലർച്ചെ
1484263
Wednesday, December 4, 2024 5:12 AM IST
കായംകുളം: മഴ വില്ലനായപ്പോൾ മത്സരങ്ങൾ വൈകി. ഒടുവിൽ ജില്ലാ കലോത്സവത്തിന്റെ നാലാം ദിനത്തിലെ മത്സരങ്ങൾ അവസാനിച്ചത് ഇന്നലെ പുലർച്ചെ മൂന്നോടെ. പ്രധാന വേദിയായ കായംകുളം ഗേൾസ് എച്ച്എസ്എസിൽ അരങ്ങേറിയ ഹൈസ്കൂൾ ഹയർ സെക്കൻഡറി സംഘനൃത്തമാണ് വൈകിയത്.
ശക്തമായ മഴയിൽ പ്രധാന വേദിയിലെ പന്തലിൽ വെള്ളം കയറിയതിനെത്തു ടർന്ന് ഒരു മണിക്കൂറിലേറെ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് വെള്ളം നീക്കം ചെയ്തതിനെത്തുടർന്നാണ് രാത്രി 11 ഓടെ മത്സരങ്ങൾ പുനരാംരംഭിച്ചത്.
ഇതുമൂലം ഉച്ചമുതൽ സംഘ നൃത്തത്തിനായി വേഷം അണിഞ്ഞുനിന്ന മത്സരാര്‍ഥികൾക്കും രക്ഷകർത്താക്കൾക്കും അധ്യാപകർക്കും നാലാംദിനം ഉറക്കമില്ലാ രാത്രിയാണ് സമ്മാനിച്ചത്. മത്സരാര്‍ഥികൾ പലരും ക്ഷീണിതരായിട്ടാണ് വേദിയിൽ നിന്നും മടങ്ങിയത്.
ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിൽ ചേർത്തല ഗവൺമെൻറ് ഗേൾസ് എച്ച്എസ്എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ മാന്നാർ നായർ സമാജം ബോയ്സ് എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി.