കലാകിരീടം ചൂടി മാവേലിക്കര
1484262
Wednesday, December 4, 2024 5:12 AM IST
കായംകുളം: കൗമാരപ്രതിഭകളുടെ മിന്നല്‍ പ്രകടനങ്ങള്‍ക്കു വേദിയായ ജില്ലാ കലോത്സവത്തില്‍ മാവേലിക്കര ഉപജില്ല കലാകിരീടം ചൂടി. 793 പോയിന്റ് നേടിയാണ് മാവേലിക്കര കിരീടത്തില്‍ മുത്തമിട്ടത്. അവസാന മണിക്കൂറുകളിലാണ് തുറവൂരിനെ മറികടന്ന് മാവേലിക്കര കിരീടം ഉറപ്പിച്ചത്. ചേര്‍ത്തല 764, ചെങ്ങന്നൂര്‍ 758, കായംകുളം 754 എന്നീ ഉപജില്ലകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍ പങ്കിട്ടത്.
സ്കൂള്‍തലത്തില്‍ 294 പോയിന്റോടെ മാന്നാര്‍ നായര്‍ സമാജം ബോയ്സ് എച്ച്എസ്എസ് തുടര്‍ച്ചയായ ആധിപത്യം നിലനിര്‍ത്തി ഇത്തവണയും ഒന്നാമതെത്തി. 186 പോയിന്റോടെ അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്എസ്എസ് രണ്ടാം സ്ഥാനവും 180 പോയിന്റോടെ ഹരിപ്പാട് ഗവ. ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. തുറവൂര്‍ ടിഡി എച്ച്എസ്എസ് 164, നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ജിഎച്ച്എസ്എസ് 149 എന്നിങ്ങനെയാണ് സ്കൂളുകളുടെ പോയിന്റു നില.
ഓണാട്ടുകരയുടെ ഹൃദയഭൂമിയായ കായംകുളത്തിന്റെ മണ്ണില്‍ ഒഴുകിയെത്തിയ കാലാ ആസ്വാദകരുടെ ആരവങ്ങളെ സാക്ഷിയാക്കി മാവേലിക്കര ഓവറോള്‍ ട്രോഫി ഏറ്റുവാങ്ങി. കാഴ്ചക്കാരുടെ മനസില്‍ അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചാണ് കായംകുളത്ത് കലാമാമാങ്കത്തിനു തിരശീലവീഴുന്നത്.
പ്രതിഭകളെ കായംകുളം ആദരിച്ചത് വേദികളില്‍ നിറസാന്നിധ്യമായാണ്. സര്‍വപിന്തുണയുമായി നഗരസഭയും കൂടെനിന്നു. പരാതികളെ അകറ്റിനിര്‍ത്തിയ മേള നടത്തിപ്പുകാര്‍ക്ക് അഭിമാനിക്കാനുള്ള വകനല്കി. 11 ഉപജില്ലകളിലെ ആറായിരത്തോളം കുട്ടിക്കലാകാരന്മാരാണ് കഴിഞ്ഞ അഞ്ചു ദിനങ്ങളെ ആവേശത്തിന്റെ കൊടുമുടിയേറ്റിയത്.
സമാപനസമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. യു. പ്രതിഭ എംഎല്‍എ യോഗത്തില്‍ അധ്യക്ഷയായി. മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല മുഖ്യപ്രഭാഷണം നടത്തി.