കോഴഞ്ചേരി ടൗൺഷിപ്പ് നിർമാണത്തിനു ബജറ്റ് നിർദേശം
1536541
Wednesday, March 26, 2025 3:50 AM IST
കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു സമീപമുള്ള 50 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് സ്വകാര്യ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകൾ, ഫയര്‍ സ്റ്റേഷന് എന്നിവ ഉള്‍പ്പെടെ കോഴഞ്ചേരിയുടെ ടൗണ്‍ഷിപ്പ് നിർമാണത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജോ പി. മാത്യു അവതരിപ്പിച്ചു.
10,59,23,942 രൂപ വരവും 10,26,86,299 ചെലവും 32,37,643 രൂപ നീക്കിബാക്കിയുമുള്ള ബജറ്റിൽ ഭവന നിർമാണത്തിനുവേണ്ടി ലൈഫ്, പിഎംഎവൈ പദ്ധതികള്‍ ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഉത്പാദനമേഖലയ്ക്ക് 46,50,300 രൂപയും സേവനമേഖലയ്ക്ക് 2,57,84,00 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,75,50,134 രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
അവിശ്വാസ നോട്ടീസിനേ തുടർന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചതിനാലാണ് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ബജറ്റ് അവതരിപ്പിച്ചത്. യോഗത്തില്‍ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി വര്‍ഗീസ്, റോയ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തില്ല.