ഉന്നത വിദ്യാഭ്യാസ മേഖലയിലെ അതിവേഗ മാറ്റങ്ങൾ ഉൾക്കൊള്ളണം: ഡോ. കെ.കെ. സാജു
1536536
Wednesday, March 26, 2025 3:38 AM IST
തിരുവല്ല: അതിവേഗ മാറ്റങ്ങൾക്ക് വിധേയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് ഒരാൾക്കും ഒറ്റപ്പെട്ടു നിൽക്കാനാകില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. കെ. സാജു. മാർത്തോമ്മ സഭ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ തിരുവല്ല ടൈറ്റ് സെക്കൻഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിൽ സംഘടിപ്പിച്ച അക്കാഡമിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാറ്റങ്ങൾ ഉൾകൊള്ളാനും കാലാനുസൃതമായി മാറാനും അധ്യാപകർ തയാറാകണം. ഇല്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല. നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ പഠന- ഗവേഷണ പ്രക്രിയ ഉടച്ചു വാർക്കപ്പെടുന്നു. ഇതിനനുസരിച്ചു അക്കാഡമിക് മേഖ പിഷ്കരിക്കപ്പെടുകയും അധ്യാപക സമൂഹം നവീകരിക്കപ്പെടുകയും വേണമെന്ന് സാജു അഭിപ്രായപ്പെട്ടു. മൂല്യബോധമുള്ള സമൂഹമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അധ്യാപനം ഒരു തൊഴിലായി കാണുന്ന മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു.
മാർത്തോമ്മ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ മേഖല സമീപനങ്ങളിലും ലക്ഷ്യങ്ങളിലും വന്ന മാറ്റങ്ങളെ സംബന്ധിച്ചു സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചറിയ പി. ഐസക്, അറിവ് വ്യാപനവും അധ്യാപകരും എന്ന വിഷയത്തിൽ ബംഗളൂരു അലയൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ. റീബാ കോശി എന്നിവർ ക്ലാസ് നയിച്ചു. അക്രഡിറ്റേഷൻ പുതിയ ഘടനയെ സംബന്ധിച്ചു തിരുച്ചിറപ്പള്ളി എൻഐടി പ്രഫ. ഡോ. സാംസൺ മാത്യു സംസാരിച്ചു.
സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സഭ ചെങ്ങന്നൂർ -മാവേലിക്കര ഭദ്രാസനാധിപൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഡോ. ഐസി കെ. ജോൺ, ടൈറ്റ് സെക്കൻഡ് കോളജ് പ്രിൻസിപ്പൽ ഡോ. സുനില തോമസ്, ഡോ. ജോർജ് വർഗീസ്, പ്രഫ. അലക്സാണ്ടർ. കെ. സാമൂവൽ,
ഡോ. അലക്സ് മാത്യു, ഡോ. രാജൻ വർഗീസ്, ഡോ. നിമ്മി മറിയ ഉമ്മൻ, ഡോ. സാം തോമസ് ജോയ എനനിവർ പ്രസംഗിച്ചു. വിരമിച്ച പ്രിൻസിപ്പൽമാരെയും അധ്യാപകരെയും സമ്മേളനം ആദരിച്ചു.