പത്തനംതിട്ട കോടതി സമുച്ചയം നിർമാണം: ഭൂരേഖകൾ കൈമാറി
1536531
Wednesday, March 26, 2025 3:38 AM IST
പത്തനംതിട്ട: ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ടയിലെ കോടതി സമുച്ചയത്തിന്റെ ഭൂരേഖ കൈമാറി. ഭൂമി ഏറ്റെടുക്കലിനുവേണ്ടി സർക്കാർ അനുവദിച്ച പണം കൈപ്പറ്റാത്തവരുടെ തുക കോടതിയിൽ കെട്ടിവച്ചശേഷമാണ് ജില്ലാ കളക്ടറുടെ പ്രതിനിധി ജില്ലാ ജഡ്ജി എൻ. ഹരികുമാറിന് നിർദിഷ്ട കോടതി സമുച്ചയ രേഖ കൈമാറിയത്.
ഏറെ തർക്കങ്ങളും വിവാദങ്ങളും നിലനിൽക്കവേയാണ് പത്തനംതിട്ടയിൽ കോടതി സമുച്ചയത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടികൾ നടന്നുവരുന്നത്. വർഷങ്ങളായി നടന്നുവരുന്ന പ്രക്രിയ ഇപ്പോഴും പൂർണതയിലെത്തിയിട്ടില്ല.
24 തണ്ടപ്പേരിലുള്ള ഭൂമി ഏറ്റെടുത്ത് റവന്യുവിഭാഗം അറിയിപ്പ് നൽകിയിരുന്നു. ഭൂമി വില സർക്കാർ അനുവദിക്കുന്നതനുസരിച്ച് നൽകുമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച് പത്തു കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി സർക്കാർ അനുവദിച്ചുവെങ്കിലും ഭൂമി വിലയെ സംബന്ധിച്ച തർക്കം ഉടമകൾ ഉന്നയിച്ചതോടെ നടപടികൾ വീണ്ടും ഇഴഞ്ഞു.
ഭൂമി വിലയിൽ തർക്കം ഉന്നയിച്ചവരുടെ തുക കോടതിയിൽ കെട്ടിവച്ചശേഷമാണ് ഭൂരേഖ ജില്ലാ ജഡ്ജിക്കു കൈമാറിയിരിക്കുന്നത്. ബാർ അസോസിയേഷൻ പ്രസിഡന്റ് സാം കോശി, സെക്രട്ടറി ടി.എച്ച്. സിറാജുദ്ദീൻ, ട്രഷറാർ ജോമോൻ കോശി എന്നിവരുടെ സാന്നിധ്യത്തിലാണ് രേഖകൾ കൈമാറിയത്.
ഏറ്റെടുക്കേണ്ടത് ആറ് ഏക്കർ സ്ഥലം
പത്തനംതിട്ട മേലെവെട്ടിപ്പുറത്തിനു സമീപം 242.91 ആർ (ഉദ്ദേശം ആറ് ഏക്കർ) സ്ഥലമാണ് കോടതി സമുച്ചയത്തിനായി ഏറ്റെടുക്കാനുള്ളത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പേരിലുള്ള വിലപേശലാണ് നടപടികൾ വൈകിച്ചത്. ഭൂമി വിലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടെ ബാർ അസോസിയേഷൻ നൽകിയ ഹർജിയും ഉടമകളുടെ ഹർജികളും പരിഗണിച്ച കോടതി സെന്റിന് ശരാശരി 12,500 രൂപ വില കണക്കാക്കി വസ്തു ഏറ്റെടുക്കാൻ നിർദേശിച്ചിരുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനായി 2023 മേയിൽ ഗസറ്റ് വിജ്ഞാപനവും ഇറങ്ങിയതാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഭൂമി ഏറ്റെടുക്കലിന് പത്തുകോടി രൂപ അനുവദിച്ചത്. തുടർന്നും നടപടികൾ നീളുകയും ഉടമകളുമായി ധാരണയിലെത്താൻ കഴിയാതെ വരികയും ചെയ്തതോടെ ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥ് പത്തനംതിട്ട കോടതികളും നിർദിഷ്ട സ്ഥലവും സന്ദർശിച്ച് സ്യൂമോട്ടോ ആയി കേസെടുത്തതോടെയാണ് പണം കോടതിയിൽ കെട്ടിവച്ച് തുടർ നടപടികളിലേക്ക് കടന്നത്.
കോടതികൾ വാടകക്കെട്ടിടങ്ങളിലും
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ പത്തോളം കോടതികൾ കഴിഞ്ഞ നാലു പതിറ്റാണ്ടായി മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിച്ചുവരുന്നത്. പ്രധാനപ്പെട്ട നാല് കോടതികൾ ഇപ്പോഴും വാടകക്കെട്ടിടങ്ങളിലാണ്. ഇതേത്തുടർന്നാണ് കോടതികൾക്കെല്ലാം കൂടി കെട്ടിട സമുച്ചയം വേണമെന്ന ആവശ്യമുണ്ടായത്. 2009ൽ ഇതിനുള്ള പ്രാഥമിക നടപടികൾ ബാർ അസോസിയേഷൻ തുടങ്ങി.
അനുയോജ്യമായ സർക്കാർ ഭൂമി ലഭ്യമല്ലാത്തതിനാലാണ് സ്ഥലം വിലയ്ക്കു വാങ്ങാൻ തീരുമാനിച്ചത്. അടിസ്ഥാന നികുതി രജിസ്റ്ററിൽ നിർദിഷ്ട ഭൂമി നിലമായി രേഖപ്പെടുത്തിയിരുന്നതിനാൽ ഇതു പൊതു ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് സർക്കാർ ഉത്തരവിറക്കേണ്ടിവന്നു.