കോന്നി ബൈബിൾ കൺവൻഷൻ 28 മുതൽ
1536533
Wednesday, March 26, 2025 3:38 AM IST
കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദിക ജില്ല അജപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോന്നി ബൈബിൾ കൺവൻഷൻ 28 മുതൽ 30 വരെ വകയാർ മേരിമാത കമ്യൂണിറ്റി ഹാളിൽ നടക്കും.
സഭാതലത്തിൽ വചന വർഷമായി ആചരിക്കപ്പെടുന്ന കാലഘട്ടത്തിൽ നടക്കുന്ന കൺവൻഷൻ കൊല്ലം സാൻപിയോ സൈക്കോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ഡോ. ബേണി വർഗീസ് കപ്പൂച്ചിയനും സംഘവും നേതൃത്വം നൽകും. കൺവൻഷന്റെ ഭാഗമായി 29 ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈദിക ജില്ലയിലെ സൺഡേസ്കൂൾ വിദ്യാർഥികളുടെ വചന വർഷ സംഗമവും 30 ന് 2.30 മുതൽ യുവജന സംഗമവും നടക്കും.
വിദ്യാർഥി സംഗമത്തിൽ ഫാ. ലിജിൻ കടുവിങ്കലും യുവജന സംഗമത്തിൽ ഫാ. ബോവസ് മാത്യു മേലുട്ടും ക്ലാസ് നയിക്കും. 28നു വൈകുന്നേരം5.30 ന് ജപമാല പ്രാർഥനയേതുടർന്ന് കൺവൻഷൻ ഉദ്ഘാടനം പത്തനംതിട്ട രൂപത പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം നിർവഹിക്കും.
വിദ്യാർഥി, യുവജന സമ്മേളനങ്ങളിൽ രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് സന്ദേശം നല്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒന്നുവരെ കൺവൻഷൻ നഗറിൽ കൗൺസലിംഗ് സൗകര്യം ഉണ്ടായിരിക്കും.
ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ രക്ഷാധികാരിയും ഫാ. ബിജോയി ജേക്കബ് തുണ്ടിയത്ത് ജനറൽ കൺവീനറും ഫാ.ചാക്കോ കരിപ്പോൺ, ഫിലിപ്പ് ജോർജ് എന്നിവർ ജോയിന്റ് കൺവീനർമാരുമായി 101 അംഗ കമ്മിറ്റി കൺവൻഷൻ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.