ലഹരി വിരുദ്ധ കൂട്ടായ്മയുമായി തപസ്യ
1536553
Wednesday, March 26, 2025 3:57 AM IST
തിരുവല്ല: യുവജനങ്ങൾ കലയും സാഹിത്യവും ലഹരിയാക്കണമെന്നും അത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഒരു പരിധി വരെ ലഹരിയെന്ന മഹാവിപത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കുവാൻ കഴിയൂവെന്നും തപസ്യ സംസ്ഥാന സമിതിയംഗവും ചലച്ചിത്ര സംവിധായകനുമായ എം.ബി. പത്മകുമാർ.
കലയും, സാഹിത്യവും ആകട്ടെ ലഹരി സംസ്കാരം സമ്പന്നമാകട്ടെ എന്ന മുദ്രാവാക്യം ഉയർത്തി തപസ്യ കലാ സാഹിത്യ വേദി പത്തനംതിട്ട ജില്ലാ സമിതിയുടെ ആഭ്യമുഖ്യത്തിൽ തിരുവല്ലാ ബൈപാസ് റോഡിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തപസ്യ ജില്ലാ രക്ഷാധികാരി ഡോ. പി . എൻ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത കമ്മീഷനംഗം എലിസബേത്ത് മാമ്മൻ മത്തായി, നിരണം അൽഇഫ്സാൻ അറബിക് കോളജ് പ്രിൻസിപ്പൽ മൗലവി അലി അൽ ഫൈസി, പുഷ്പഗിരി മെഡിക്കൽ കോളജ് സിഇഒ ഫാ. വർഗീസ് പയ്യമ്പളിൽ, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസഭട്ടതിരി,
മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അൻസിൽ സഖറിയ, നഗരസഭ മുൻ ചെയർമാൻ ആർ. ജയകുമാർ, കെ. ആർ. പ്രതാപചന്ദ്ര വർമ്മ, എം. സലീം, പ്രഫ. പി.ജി ഹരിദാസ്, വി. സി.സാബു, ഷെൽട്ടൺ വി. റാഫേൽ, ഡോ. സി. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.