ശബരിമല വിഷു മഹോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്തി
1536539
Wednesday, March 26, 2025 3:38 AM IST
പത്തനംതിട്ട: ശബരിമലയിൽ വിഷു മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന യോഗം വിലയിരുത്തി. സന്നിധാനത്ത് സുരക്ഷിതവും സുഗമവുമായ തീര്‍ഥാടനം ഉറപ്പാക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പ് പാര്‍ക്കിംഗിലും ഹില്‍ ടോപ്പിലും ചക്കുപാലത്തും പോലീസ് സുരക്ഷയുണ്ടാകും.
പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ സുരക്ഷാ കാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തും. അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റും. കാനനപാതകളില്‍ മുഖാവരണങ്ങള്‍ നിക്ഷേപിക്കുന്നതിന് ബിന്നുകളുണ്ടാകും. വിവിധ ഭാഷകളില്‍ പ്ലാസ്റ്റിക് നിരോധന ജാഗ്രതാ ബോര്‍ഡുകള്‍, അപകട സാധ്യതയുള്ള കടവുകളില്‍ ബാരിക്കേഡുകള്‍, ളാഹ മുതല്‍ പമ്പ വരുള്ള 23 ആനത്താരകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും.
പമ്പ- നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസും പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സര്‍വീസും ഏര്‍പ്പെടുത്തും.
സന്നിധാനം, പമ്പ , നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട, റാന്നി , റാന്നി - പെരുനാട് എന്നിവിടങ്ങളിലെ ആശുപത്രികള്‍ പൂര്‍ണ സജ്ജമാക്കും.
ആന്റിവെനം ആശുപത്രികളില്‍ ലഭ്യമാക്കും. പമ്പയിലും സന്നിധാനത്തും ആയുര്‍വേദ, ഹോമിയോ താത്കാലിക ഡിസ്പെന്‍സറികളുണ്ടാകും. സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.