തിരുവല്ല കെഎസ്ആർടിസി ടെർമിനലിലെ പൂട്ടുകട്ടകള്‍ മാറ്റിത്തുടങ്ങി
1536540
Wednesday, March 26, 2025 3:38 AM IST
തിരുവല്ല: അപകടകരമായ സ്ഥിതിയിലെത്തിയിട്ടും പൂട്ടുകട്ടകൾ മാറ്റുന്നതിൽ അധികൃതരുടെ അനാസ്ഥ തുടരുന്നതിനിടെ പ്രതിഷേധവുമായി യാത്രക്കാരുൾപ്പെടെ രംഗത്തെത്തിയതോടെ നടപടികളായി. ഗതാഗതമന്ത്രിയും എംഎൽഎയും ഉൾപ്പെടെ രണ്ടാഴ്ച മുന്‍പു സന്ദർശനം നടത്തിയ തിരുവല്ല കെഎസ്ആർടിസി ടെർമിനലിലെ ശോച്യാവസ്ഥ യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്.
ബസുകള്‍ ഇറങ്ങിപ്പോകുന്ന ഭാഗം വൃത്തിയാക്കിയ ശേഷമാണ് പൂട്ടുകട്ടകള്‍ ഇടാനുള്ള ജോലി പൂര്‍ത്തിയാക്കുക. നേരത്തേ ഇട്ടതില്‍ നിന്നു വ്യത്യസ്തമായി തറ നിരപ്പില്‍ ആദ്യം ജിഎസ്ബി ഇട്ട് ഉറപ്പിക്കും. ഇതിനു മുകളില്‍ മെറ്റല്‍ ചിപ്സ് വിരിച്ച ശേഷമാകും പുതിയ പൂട്ടുകട്ടകള്‍ നിരത്തുക. ഇതോടൊപ്പം ബസുകള്‍ തിരിഞ്ഞു വരുന്ന ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാനും തീരുമാനിച്ചു. മൂന്നാഴ്ച കൊണ്ടു നിര്‍മാണം പൂര്‍ത്തിയാകുമെന്നു കെടിഡിഎഫ്സി അധികൃതര്‍ അറിയിച്ചു.
ഏറെ ശോച്യാവസ്ഥയിലായ ബസ് പുറത്തേക്കിറങ്ങുന്ന ഭാഗത്തെ പൂട്ടുകട്ടകളാണ് ആദ്യം മാറ്റിയിടുന്നത്. കെടിഡിഎഫ്സി അനുവദിച്ച ആറുലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. മറ്റു രണ്ടു വശത്തേയും പൂട്ടുകട്ടകള്‍ ഇളക്കിയിടുന്നത് പൊതുമരാമത്ത് വകുപ്പായിരിക്കും.