പറക്കോട്ട് മൊബൈല്‍ സെപ്റ്റേജ് സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ഇന്ന്
1536538
Wednesday, March 26, 2025 3:38 AM IST
പറക്കോട്: സെപ്റ്റേജ് മാലിന്യ സംസ്കരണത്തില്‍ വ്യത്യസ്ത മാതൃകയുമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. ജില്ലയിലെ ആദ്യ മൊബൈല്‍ സെപ്റ്റേജ് സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇന്ന് നിര്‍വഹിക്കും. 2024- 25 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44.71 ലക്ഷം രൂപ യൂണിറ്റിനായി ചെലവഴിച്ചു.
ബ്ലോക്കിലെ ഏഴംകുളം, ഏറത്ത്, ഏനാദിമംഗലം, കലഞ്ഞൂർ, കടമ്പനാട്, കൊടുമണ്‍, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് പ്രാഥമിക പരിഗണന. വീടുകളില്‍ നിന്ന് 4000 രൂപ യൂസര്‍ ഫീ ഈടാക്കും. ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് യൂണിറ്റിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ദൂരമനുസരിച്ച് അധിക യൂസര്‍ ഫീ ഈടാക്കുമെന്ന് ബിഡിഒ രജീഷ് ആര് നാഥ് പറഞ്ഞു.
ഗവേഷണ സ്ഥാപനമായ 'വാഷ്' ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതികവിദ്യ വികസിപ്പിച്ചു. ഭൗമ എന്‍വിറോടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മാണവും തുടര്‍ പരിപാലനവും. സഞ്ചാരം, ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം അറിയുന്നതിനായി വാഹനത്തില്‍ സിസിടിവി കാമറയുണ്ട്.
മണിക്കൂറില്‍ 6,000 ലിറ്റര്‍ പ്രവര്‍ത്തന ശേഷിയുള്ള ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന പ്ലാന്റില്‍ ഖര, ദ്രവ മാലിന്യങ്ങള്‍ വേര്‍തിരിക്കാം. സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ അളവ്, ബാക്ക് വാഷിനു എടുക്കുന്ന സമയം, പൈപ്പ് ബന്ധിപ്പിക്കല്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് സംസ്കരണ സമയം വ്യത്യാസപ്പെടാം.
സംസ്കരണ ശേഷം ചെറിയ അലവിലുള്ള ഖര മാലിന്യം കമ്പോസ്റ്റാക്കി മാറ്റും. സംസ്കരണത്തിലൂടെ അവസാനം ലഭിക്കുന്ന ജലം കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കാം. മണല്‍ ഫില്‍റ്റർ, ചാര്‍ക്കോള്‍ ഫില്‍റ്റര്‍, മൈക്രോ ഫില്‍റ്ററുകൾ, അള്‍ട്രാ-ഫില്‍റ്റര്‍, ക്ലോറിനേഷന് എന്നിങ്ങനെ ഒന്നിലധികം ഘട്ടങ്ങളിലൂടെ മലിനജലം ശുചിയാകും.
മലിനജല സംസ്കരണത്തിന് സ്ഥിരസംവിധാനം നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ ബദലാണിതെന്ന് ജില്ലാ ശുചിത്വ മിഷന് കോ ഓര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക് പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ അധ്യക്ഷത വഹിക്കും.