സായാഹ്ന വിശ്രമകേന്ദ്രത്തിൽ പാർക്ക് ലൈറ്റുകൾ മിഴിതുറന്നു
1536542
Wednesday, March 26, 2025 3:50 AM IST
കോന്നി: ഗ്രാമപഞ്ചായത്ത് വാർഡ് 14 ചൈനാമുക്ക് ഗുരുമന്ദിരം പടി - മഠത്തിൽകാവ് ക്ഷേത്രം റോഡിൽ സ്ഥിതി ചെയ്യുന്ന വയോജന സൗഹൃദ സായാഹ്ന വിശ്രമകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുമായി ചേർന്നു നടപ്പിലാക്കുന്ന സംയുക്ത പദ്ധതി പ്രകാരം 5.25 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ആധുനിക നിലവാരത്തിലുള്ള പാർക്ക് ലൈറ്റുകൾ മിഴി തുറന്നു. സ്വിച്ച് ഓൺ കർമം ജില്ലാ പഞ്ചായത്തംഗം വി.ടി. അജോമോൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ദേവകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലതികകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപു, ക്ലാർക്ക് മനോജ്, ശ്യാം എസ്. കോന്നി, രവീന്ദ്രനാഥ് നീരേറ്റ്, മോഹനൻ മുല്ലപ്പറമ്പിൽ, പി. കെ മോഹൻ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പ്രവീൺ പ്ലാവിളയിലിന്റെ ആവശ്യപ്രകാരം എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ ഇടപെട്ട് റോഡിനു വീതി കൂട്ടുന്നതിലേക്ക് സ്ഥലം വിട്ടു നൽകിയതോടെയാണ് ഇത്തരത്തിൽ സായാഹ്ന വിശ്രമ കേന്ദ്രം എന്ന ആശയം ഉണ്ടായത്.
ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എംഎൽഎ എന്നിവരുടെ ഏകദേശം 38.50 ലക്ഷം രൂപ വകയിരുത്തി വീതി കൂട്ടി റോഡിന്റെ വശങ്ങൾ സംരക്ഷണ ഭിത്തി നിർമാണം, കലുങ്ക് നിർമാണം, വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ, കൈവരികൾ സ്ഥാപിക്കൽ, പൂട്ട് കട്ടകൾ പാകൽ, അലങ്കാര പന നട്ടുപിടിപ്പിക്കൽ, വിശ്രമിക്കുന്നതിനായി കസേരകൾ സ്ഥാപിക്കൽ, പൊക്കവിളക്ക് സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ പൂർത്തിയാക്കി. തുടർന്ന് വിശ്രമ കേന്ദ്രത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് പാർക്ക് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
രാവിലെയും വൈകുന്നേരവും ആളുകൾ സ്ഥിരമായി എത്താറുണ്ടെങ്കിലും രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നുണ്ടെന്ന് പ്രദേശ വാസികൾക്ക് പരാതിയുണ്ട്. പോലീസ് - എക്സൈസ് വകുപ്പുകളുടെ കർശന പരിശോധന ഇവിടെ ഉണ്ടാവണമെന്നാണ് അവരുടെ ആവശ്യം.