കുളത്തൂർമൂഴി റോഡുകൾ ശോച്യാവസ്ഥയിൽ
1536552
Wednesday, March 26, 2025 3:57 AM IST
കുളത്തൂർമൂഴി: കോട്ടയം, പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വായ്പൂര് കുളത്തൂർമൂഴി - പത്തനാട് പൊതുമരാമത്ത് റോഡുകൾ ശോച്യാവസ്ഥയിൽ. കുണ്ടും കുഴിയും നിറഞ്ഞു കിടക്കുന്ന റോഡുകളിലൂടെ യാത്രക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നില്ല.
നിരവധി സ്വകാര്യ, കെഎസ്ആർടിസി ബസുകൾ അടക്കം സർവീസ് നടത്തുന്നതും സ്വകാര്യ വാഹനങ്ങൾ ചുങ്കപ്പാറ, വായ്പൂര് പ്രദേശങ്ങളിൽ നിന്ന് നെടുംകുന്നം, പുന്നവേലി, പത്തനാട്, വെള്ളാവൂർ, കറുകച്ചാൽ, മണിമല ഭാഗങ്ങളിലേക്ക് പോകുന്നതിനായി ആശ്രയിക്കുന്ന റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്. റോഡിൽ കുളത്തൂർമൂഴി ഭാഗത്ത് റോഡിൽ അപകടകരമായ രീതിയിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
ചെറുവാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്നു. ചുങ്കപ്പാറ - കരുവള്ളിക്കാട്ട് കുരിശുമല തീർഥടന കേന്ദ്രത്തിലേക്കുള്ള പ്രധാന തീർഥാടന പാത കൂടിയാണിത്. റോഡിലെ കുഴികൾ നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ബഹുജനപ്രക്ഷോഭം ആരംഭിക്കുന്നതിനും പ്രദേശവാസികൾ അറിയിച്ചു.