ഇലന്തൂരിൽ കാട്ടുപന്നികളെ തുരത്താൻ പദ്ധതി
1536551
Wednesday, March 26, 2025 3:57 AM IST
ഇലന്തൂർ: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ വേലി നിർമിക്കാൻ 38 ലക്ഷം രൂപ വകയിരുത്തി ഇലന്തൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല അവതരിപ്പിച്ച ബജറ്റ് 23.55 കോടി രൂപ വരവും 23.34 കോടി രൂപ ചെലവും 20.38 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും യുവാക്കളെ ലഹരിയുടെയും അമിത സാമൂഹ്യ മാധ്യമ ഉപഭോഗത്തിൽ നിന്നു മോചിപ്പിച്ച് കായികമേഖലയിൽ എത്തിക്കാൻ അംഗീകൃത സ്പോർട്സ് ക്ലബുകൾക്ക് പരിശീലന കിറ്റ് പദ്ധതിക്ക് രണ്ടു ലക്ഷം രൂപയും വകയിരുത്തി.
ഇലന്തൂർ ശ്രീചിത്തിര തിരുനാൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന് 1.50 കോടി, ഭവനനിർമാണ പദ്ധതിക്ക് 3.30 കോടി, റോഡ് അറ്റകുറ്റപ്പണികൾക്ക് 1.98 കോടി, ഗാന്ധി സ്മൃതി മണ്ഡപം നവീകരണത്തിന് മൂന്നു ലക്ഷം, ഹെൽത്ത് സെന്റർ നിർമാണത്തിന് 25 ലക്ഷം, ഭിന്നശേഷി കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികോല്ലാസത്തിന് വിനോദയാത്ര മറ്റു പരിപാടികൾ എന്നിവയ്ക്കായി 15.75 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി.
എബിസി പദ്ധതിക്ക് 27 ലക്ഷം, മാലിന്യ സംസ്കരണത്തിനും നിരീക്ഷണത്തിനുമായി 52.5 ലക്ഷം, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 15 ലക്ഷം, ജലസ്രോതസ് സംരക്ഷണത്തിന് 1.55 കോടി, സ്ത്രീ ശക്തീകരണത്തിന് 17 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.