ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
1536535
Wednesday, March 26, 2025 3:38 AM IST
കോന്നി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ജീവനക്കാരിയായ യുവതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം.
പത്തനംതിട്ട കോന്നി അതിരുങ്കൽ കാരക്കാക്കുഴി സ്വദേശി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്റെ മകൾ മേഘ മധു(25)വിനെയാണ് തിരുവനന്തപുരം ചാക്കയിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുരൂഹ സാഹചര്യത്തിൽ മകൾ മരണപ്പെട്ടതിൽ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് മധുസൂദനൻ ആവശ്യപ്പെട്ടു. നീതി തേടി ബന്ധുക്കൾ ഇന്റലിജൻസ് ബ്യൂറോക്കും പോലീസിലും പരാതി നൽകി.
മേഘ താമസിക്കുന്ന വീടിനുസമീപത്ത് റെയിൽവേ ട്രാക്കില്ല.പിന്നെ എന്തിന് ദൂരെയുള്ള ചാക്ക ഭാഗത്തേ റെയിൽവേ ട്രാക്കിൽ എത്തി എന്നുള്ള ചോദ്യമാണ് ബന്ധുക്കൾ ഉയർത്തുന്നത്. അച്ഛൻ മധുസൂദനനും അമ്മ നിഷയ്ക്കും ഏക മകളായിരുന്നു മേഘ.
പഠിക്കാൻ സമർഥയായിരുന്ന മേഘക്ക് ചെറിയ പ്രായത്തിൽ തന്നെ ജോലി ലഭിച്ചിരുന്നു. പഞ്ചാബിൽ പരിശീലനത്തിനിടെ മലപ്പുറം സ്വദേശിയായ യുവാവുമായി മേഘ പ്രണയത്തിലായതായി പറയുന്നു. ഈ ബന്ധം ബന്ധുക്കൾ ആദ്യം എതിർത്തു എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
ഐഎഎസ് പരിശീലനത്തിനായി മേഘ തയാറെടുപ്പിലായിരുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങിയതിനുശേഷമാണ് മൃതദേഹം തിരുവനന്തപുരം ചാക്കയിൽ റെയിൽവേ പാളത്തിൽ കണ്ടെത്തിയത്.ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ മേഘ അച്ഛനെ വിളിച്ചിരുന്നതായും പറയുന്നു.
സംഭവത്തിൽ പ്രധാന തെളിവുകൾ ലഭിക്കുവാൻ സഹായകമായിരുന്ന മേഘയുടെ മൊബൈൽ ഫോൺ തകർന്നുപോയിരുന്നു. തിരുവനന്തപുരത്ത് പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകിയ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ കോന്നി അതിരുങ്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.