ജില്ലാ വിജ്ഞാനീയം പ്രകാശനം 28ന്
1536549
Wednesday, March 26, 2025 3:50 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ സമഗ്ര ചരിത്ര ഗ്രന്ഥം ജില്ലാ വിജ്ഞാനീയം പ്രകാശനം 28നു നടക്കും. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന യോഗത്തിൽ മന്ത്രി എം.ബി. രാജേഷ് പ്രകാശന കർമം നിർവഹിക്കും.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.
രണ്ടുവർഷത്തോളം നീണ്ടുനിന്ന ഉദ്യമത്തിന്റെ പൂർത്തീകരണമാണ് ജില്ലാ വിജ്ഞാനീയമെന്ന് പ്രസിഡന്റ് ജോർജ് ഏബ്രഹാമും ചീഫ് എഡിറ്റർ ഓമല്ലൂർ ശങ്കരനും പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്തനംതിട്ട ജില്ല 1982ലാണ് രൂപീകരിച്ചതെങ്കിലും ഈ ഭൂപ്രദേശം ഉൾപ്പെടുന്ന മേഖലയിലെ എട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രം 12 ശീർഷകങ്ങളിലായി ഉൾപ്പെടുത്തിയാണ് 400 പേജുള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്.
ചരിത്രം, രാഷ്ട്രീയം, മതം, ആധ്യാത്മികത, നവോത്ഥാനം, സംസ്കാരം, സാഹിത്യം, കല, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം, കായികം എന്നീ ശീർഷകങ്ങളിലാണ് ജിലലയെ സംബന്ധിക്കുന്ന സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഉപദേശക സമിതിയുടെയും വിഷയ ഉപസമിതികളുടെയും സഹായത്തോടെയാണ് ഗ്രന്ഥം തയാറാക്കിയത്.
ജില്ലയിലെ ജനപ്രതിനിധികളെ കൂടാതെ രാഷ്ട്രീയ നേതാക്കൾ, സാഹിത്യകാരൻമാർ, സാംസ്കാരിക പ്രവർത്തകർ, കലാ, കായിക, സിനിമാരംഗത്തെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.