റാന്നിയിൽ പുതിയ പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു : 45.10 കോടി രൂപയുടെ അനുമതി
1536532
Wednesday, March 26, 2025 3:38 AM IST
റാന്നി: പന്പാനദിക്കു കുറുകെ റാന്നിയിൽ പുതുതായി പണിയുന്ന സമാന്തര പാലത്തിന്റെ ടെൻഡർ നടപടിയായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 45.10 കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്.
പാതിവഴിയിൽ നിർത്തിയ റാന്നി പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയതനുസരിച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സ്ഥലംസന്ദർശിക്കുകയും തുടർനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. ധനമന്ത്രി കെ. എൻ. ബാലഗോപാൽ പ്രത്യേക താത്പര്യം എടുത്താണ് പാലം നിർമിക്കുന്നതിനായി അധിക തുക അനുവദിച്ചത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് റാന്നി പാലത്തിന് സമാന്തരമായി പുതിയൊരു പാലം പമ്പാനദിക്ക് കുറുകെ നിർമിക്കാൻ സർക്കാർ അനുമതിയായത്. പുതിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിനായി 26 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കിഫ്ബി മുഖാന്തിരം ഇതിന്റെ നിർമാണവും ആരംഭിച്ചിരുന്നു. അങ്ങാടി പഞ്ചായത്തിൽ ഉപാസന കടവ് മുതൽ പേട്ട വരെയും റാന്നി പഞ്ചായത്തിൽ ബ്ലോക്ക് പടി - രാമപുരം റോഡുമാണ് പാലത്തിന്റെ സമീപനപാതകളായി വരുന്നത്.
ബ്ലോക്ക്പടി - രാമപുരം റോഡിന് ഒന്നര കിലോമീറ്ററാണ് ദൈർഘ്യം. 2020ൽ ആരംഭിച്ച പാലം നിർമാണം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകിയതോടെ ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നു. വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തത്. 14 കോടിയിലധികം രൂപയാണ് സ്ഥലം ഏറ്റെടുക്കലിനായി ചെലവഴിച്ചത്.
നോട്ടിഫിക്കേഷന് ശേഷം കൈമാറ്റം ചെയ്യപ്പെട്ടതും തർക്കമുള്ളതുമായ ഭൂമികളുടെ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ചു. ഭൂ ഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കി കോടതിയിൽ നിന്നും നഷ്ടപരിഹാര തുക വാങ്ങാം. വസ്തു ഏറ്റെടുക്കൽ ബാധ്യതകൾ തീർന്നതോടെയാണ് പാലം നിർമാണം ടെൻഡർ നടപടിയിലേക്ക് നീങ്ങിയത്.
റാന്നി, അങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം യാഥാർഥ്യമാകുന്നതോടെ നിലവിലുള്ള പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായി റാന്നിയിൽ പുതിയ ഒരു പാത കൂടി യാഥാർഥ്യമാകും. ഇത് റാന്നിയിലെയും ഇട്ടിയപ്പാറയിലെയും അങ്ങാടിയിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. റാന്നിയുടെ പുതിയ ടൗൺ പ്ലാനിംഗിനു പുതിയ പാലം സഹായമാകുമെന്നും എംഎൽഎ പറഞ്ഞു.