പ്രവർത്തനം നിലച്ച് റൈസ്മില്ല് ; നടപടികളുമായി ജില്ലാ പഞ്ചായത്ത്
1536543
Wednesday, March 26, 2025 3:50 AM IST
കൊടുമൺ: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച കൊടുമൺ റൈസ്മില്ല് ഉദ്ഘാടനം ചെയ്ത് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ പ്രവർത്തനം നിലച്ചു. പ്രസ്റ്റീജ് പദ്ധതിയായി ജില്ലാ പഞ്ചായത്ത് ഉയർത്തിക്കാട്ടിയ റൈസ്മില്ല് അറ്റകുറ്റപ്പണികൾ നടത്തി രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു തദ്ദേശസ്ഥാപനം നെല്ല് പുഴുങ്ങി ഉണക്കി കുത്തുന്നതിനുള്ള മില്ല് സ്ഥാപിച്ചത്. 2015 -20 ജില്ലാ പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവച്ച ആശയം പിന്നീടു വന്ന ഭരണസമിതി ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നു. പദ്ധതി പൂർത്തീകരിച്ചപ്പോൾ 1.50 കോടി രൂപ ചെലവായി.
2024 ജനുവരി 15നാണ് ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂറിൽ രണ്ട് ടൺ നെല്ല് കുത്തുന്നതിനുള്ള ശേഷിയാണ് മില്ലിനുണ്ടായിരുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ബജറ്റിലും വികസനനേട്ടമായി പദ്ധതി എടുത്തുകാട്ടിയിരുന്നു. ബജറ്റ് ചർച്ചയിൽ റൈസ് മില്ല് പൂട്ടിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ ഭരണപക്ഷത്തെ വിമർശിക്കുകയും ചെയ്തു.
മില്ലിൽ പ്രധാനമായും നെല്ല് എത്തിക്കുന്നത് കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ്. മൂല്യ വർധിത ഉത്പന്നങ്ങളായ കുത്തരി, പച്ചരി, പുട്ടുപൊടി, അപ്പപ്പൊടി, നുറക്കരി, അവിൽ എന്നിവ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഔട്ട്ലറ്റുകൾ വഴി വിറ്റഴിക്കുന്നു. നിലവിൽ നെല്ല് കുത്തുന്നത് ഫാമിംഗ് കോർപറേഷന്റെ കോട്ടയം റൈസ് മില്ലിലാണ്.
വെള്ളം പ്രധാന പ്രശ്നം
റൈസ് മില്ല് പ്രവർത്തനം നിലയ്ക്കാൻ പ്രധാന കാരണം ആവശ്യമായ വെള്ളം ലഭിക്കാതെ വന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം പറഞ്ഞു. പദ്ധതിക്കു മാത്രമായി ജലലഭ്യത ഉറപ്പാക്കണം. ഇതിനായി സ്വന്തം നിലയിൽ കുഴൽക്കിണർ സ്ഥാപിച്ചു ജലലഭ്യത ഉറപ്പാക്കാൻ ശ്രമിച്ചുവരികയാണ്. രണ്ടുമാസത്തിനുള്ളിൽ വെള്ളം ഉറപ്പാക്കാനാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
സമീപത്തെ പൊതുകിണറിൽ നിന്നാണ് റൈസ് മില്ലിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ചിരുന്നത്. വേനൽക്കാലത്ത് പ്രദേശവാസികളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പൊതു കിണറിനെയാണ്. പൊതുഉപയോഗത്തിനുള്ള വെള്ളം സംരംഭത്തിന് ഉപയോഗിക്കാനാകില്ലെന്നു വന്നതോടെയാണ് സ്വന്തമായി കുഴൽക്കിണർ നിർമിക്കാൻ തീരുമാനിച്ചത്.
മില്ലിന്റെ ബോയിലർ പ്ലാന്റ് മഴ നനയാതിരിക്കാൻ മേക്കൂര സ്ഥാപിച്ചു. വാട്ടർ ടാങ്ക് സ്ഥാപിക്കാൻ നടപടികളായി. ജല ശുദ്ധീകരണ പ്ലാന്റിനും ടെൻഡർ വിളിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം ലിറ്ററിന്റെ പ്ലാന്റാണ് സ്ഥാപിക്കുന്നത്.