യുഡിഎഫ് വിജയം അധാർമിക രാഷ്ട്രീയത്തിന് എതിരായ വിധിയെഴുത്തെന്ന് ഡിസിസി
1486570
Thursday, December 12, 2024 8:00 AM IST
പത്തനംതിട്ട: ജില്ലയില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡിലും യുഡിഎഫ് നേടിയത് സിപിഎം നേതാക്കളുടെ അധാർമിക രാഷ്ട്രീയത്തിനെതിരേയുള്ള വിജയമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.
കോന്നി, പന്തളം ബ്ലോക്ക് പഞ്ചായത്തുകളിൽ കോൺഗ്രസ് അംഗങ്ങളെ സിപിഎം നിർബന്ധപൂർവം കൂറുമാറ്റിക്കുകയായിരുന്നു. ഇതോടെ അവരുടെ പഞ്ചായത്തംഗത്വം നഷ്ടമായെന്നു മാത്രമല്ല, കോന്നിയിൽ എൽഡിഎഫിന് ഭരണനഷ്ടമുണ്ടാകുകയും ചെയ്തു.
കാൽനൂറ്റാണ്ടായി സിപിഎം കുത്തകയായിരുന്ന നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം തിളക്കമാര്‍ന്നതാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ജില്ലയില്‍ മുന്‍കാലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് ഉണ്ടായ നേട്ടം ഇപ്പോഴും ആവര്‍ത്തിച്ചിരിക്കുകയാണെന്നും ഇത് ജില്ലയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നുള്ളതിന്റെ തെളിവാണെന്നും പ്രഫ. സതീഷ് കൊച്ചുപറന്പിൽ അഭിപ്രായപ്പെട്ടു.
എൽഡിഎഫിനുള്ള താക്കീതെന്ന് വർഗീസ് മാമ്മൻ
തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനുണ്ടായ വിജയം എൽഡിഎഫ് സർക്കാരിനെതിരേയുള്ള താക്കീതാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 500ല്‍ പരം വോട്ടുകൾക്ക് വിജയിച്ച നിരണത്തെ കിഴക്കുമുറി സീറ്റിലാണ് കോൺഗ്രസ് സ്ഥാനാർഥി റെജി കണിയാംകണ്ടത്തിൽ 212 വോട്ടിന് വിജയം നേടിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് അംഗങ്ങളെ കൂറുമാറ്റി ഭരണത്തിലെത്താൻ നടത്തിയ ഹീനശ്രമത്തിനേറ്റ തിരിച്ചടി കൂടിയാണ് ഫലമെന്നും വർഗീസ് മാമ്മൻ പറഞ്ഞു.
യുഡിഎഫ് പ്രകടനം നടത്തി
കോന്നി: ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിലെ യുഡിഎഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനവും യോഗവും നടത്തി. ഇളകൊള്ളൂര്‍ ജംഗ്ഷനില്‍ പ്രകടനത്തിനു ശേഷം നടന്ന യോഗം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് റോബിന് പീറ്റര്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ഭാരവാഹികളായ ചിറ്റൂര്‍ ശങ്കര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിപ്രസിഡന്റുമാരായ ദീനാമ്മ റോയി, ആര്. ദേവകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ പ്രവീണ്‍ പ്ലാവിളയില്‍, റോബിന് മോന്‍സി, നിഖില്‍ ചെറിയാന്, ശ്യാം. എസ്. കോന്നി, അബ്ദുള്‍ മുത്തലിഫ്, സി.വി. ശാന്തകുമാര്‍, ടി.എച്ച്. സിറാജുദീന്‍, അനി സാബു, സുലേഖ വി. നായര്‍, ഐവാന്‍ വകയാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.