ക്ഷീരകര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
1485950
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കുറഞ്ഞ പ്രീമിയം തുകയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ ചേരുന്നതിന് ക്ഷീരകര്‍ഷകര്‍ക്ക് അവസരം. രണ്ടു ലക്ഷം രൂപ ആരോഗ്യ സുരക്ഷാ കവറേജ് നല്കുന്ന പദ്ധതിയില്‍ 80 വയസുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാം.
ഇന്‍ഷ്വറന്‍സില്‍ ചേരുന്ന തീയതി മുതല്‍ കവറേജ് ലഭിക്കുന്ന പദ്ധതിയില്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും 50,000 രൂപവരെ ചികിത്സാ ആനുകൂല്യം ഉറപ്പ് നല്കുന്നു. അപകടമരണത്തിനും സ്ഥായിയായ അംഗവൈകല്യത്തിനും ഏഴുലക്ഷം രൂപവരെ ധനസഹായം ലഭിക്കുന്ന പദ്ധതിയില്‍ സ്വാഭാവിക മരണത്തിന് ഒരു ലക്ഷം രൂപയുടെ ആനുകൂല്യവും അവകാശികള്‍ക്ക് ലഭിക്കും.
ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് പ്രീമിയത്തില്‍ ഇളവ് ലഭിക്കും. കര്‍ഷകരോടൊപ്പം അവരുടെ ജീവിത പങ്കാളിക്കും ഒരു കുട്ടിക്കും അംഗത്വം നല്കുന്ന ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതി ഡിസംബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരും. വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള ക്ഷീരവികസന ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ ബന്ധപ്പെടാം. ഫോണ്‍: 04682223711.