നക്ഷത്രവിളക്കുകൾ തെളിഞ്ഞു, വിപണിയിൽ എൽഇഡി താരം
1486054
Wednesday, December 11, 2024 4:10 AM IST
പത്തനംതിട്ട: ക്രിസ്മസിന്റെ വരവറിയിച്ച് നക്ഷത്ര വിപണി. വർണനക്ഷത്രങ്ങളും എൽഇഡി വിളക്കുകളും വിപണിയിൽ മനോഹാരിത തീർക്കുകയാണ്.
നവംബർ അവസാനവാരം തന്നെ വിപണിയിലേക്ക് നക്ഷത്രങ്ങളുടെ വരവ് തുടങ്ങിയിരുന്നു. ട്രെൻഡ് മനസിലാക്കി പുതിയ ഇനങ്ങൾ എത്തിത്തുടങ്ങാൻ അല്പം വൈകി. കടലാസ് നക്ഷത്രങ്ങൾക്കു പഴയതുപോലെ വില്പനയില്ല. എൽഇഡി നക്ഷത്രങ്ങളാണ് കൂടുതലായി ചെലവാകുന്നത്. ഇതോടൊപ്പം എൽഇഡി ബൾബുകൾക്കും അലങ്കാരങ്ങൾക്കും ആവശ്യക്കാരെത്തുന്നുണ്ട്.
ഉപഭോക്താക്കളെ ആകർഷിക്കാൻ ഡിസംബർ ആദ്യവാരം തന്നെ വ്യാപാരശാലകളുടെ മുന്പിൽ ക്രിസ്മസ് വിപണികൾ തുറന്നിരുന്നു. പ്രതികൂല കാലാവസ്ഥ തുടക്കത്തിൽ മങ്ങലേൽപിച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ വിപണി ഉണർന്നു.
വിവിധ വർണത്തിലും ഡിസൈനിലുമുള്ള പേപ്പർ നക്ഷത്രങ്ങൾ കടകളിൽ നിരത്തിയിട്ടുണ്ട്. വ്യത്യസ്തത തേടി എത്തുന്നവരെ ആകർഷിക്കുന്നതിനായി ഇവയുടെ ഡിസ്പ്ലേയും മനോഹരമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ഥാപനങ്ങളെല്ലാം നക്ഷത്ര അലങ്കാരങ്ങൾക്കായി പ്രത്യേക വിപണന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പത്തു രൂപയുടെ കുഞ്ഞൻ നക്ഷത്രങ്ങൾ മുതൽ 800 രൂപ വിലയുള്ള നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്.
വെട്ടിത്തിളങ്ങി എൽഇഡി
കുറഞ്ഞ വിലയിൽ സാധനങ്ങളെത്തിച്ച് വിപണി കൈയടക്കിയ എൽഇഡി നക്ഷത്രങ്ങൾക്ക് ഇത്തവണ വില അല്പം കൂടിയിട്ടുണ്ട്. 200 രൂപ മുതൽ 800 രൂപ വരെയാണ് ഇവയുടെ വില. എൽഇഡി നക്ഷത്രങ്ങളിലെ ആകർഷണീയത തിരിച്ചറിഞ്ഞാണ് പലരും വാങ്ങുന്നത്. കണ്ണഞ്ചിപ്പിക്കുന്ന നിയോൺ ലൈറ്റുകൾക്കും ആവശ്യക്കാരെത്തുന്നുണ്ട്.
കടകൾക്കു മുന്പിൽ ആകർഷണീയമായ രീതിയിൽ പ്രദർശിപ്പിക്കുന്പോൾ വൈകുന്നേരങ്ങളിൽ വില്പന ഏറുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. മഞ്ഞും മഴയും ഏറ്റാൽ നശിക്കില്ലെന്നതും അടുത്ത വർഷത്തേക്കും ഉപയോഗിക്കാമെന്നതും എൽഇഡി നക്ഷത്രങ്ങൾക്കു നേട്ടമാണ്.
ക്രിസ്മസ് ട്രീകൾ അലങ്കരിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള മാല ബൾബുകൾ, ഡെക്കറേഷൻ സാധനങ്ങൾ എന്നിവയും വിപണനശാലകളിലുണ്ട്. 100 രൂപ മുതൽ മുകളിലേക്കാണ് മാല ബൾബുകൾ വിൽക്കുന്നത്. എൽഇഡി ശേഖരവുമായി ക്രിസ്മസിനു മാത്രമായി വില്പനയ്ക്കെത്തിയവരുമുണ്ട്.
എൽഇഡി ലൈറ്റ് നക്ഷത്രങ്ങൾക്കൊപ്പം സ്ട്രിപ്പ് സ്റ്റാറും ഗ്ലാസ് സ്റ്റാറുമൊക്കെ ഇത്തവണ വിപണിയിലെ താരമായിട്ടുണ്ട്. പുൽക്കൂട് സെറ്റായി തന്നെ വില്പനയ്ക്കുണ്ട്. ക്രിസ്മസ് ട്രീയും വില്പനയ്ക്കെത്തിയിട്ടുണ്ട്.
സാന്റാക്ലോസിന്റെ തൊപ്പിയും കുപ്പായവുമെല്ലാം വിപണിയിലുണ്ട്. ക്രിസ്മസ് കരോൾ സംഘങ്ങൾക്കാണ് ഇവ ഏറെയും ആവശ്യമായിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ ഇതിന്റെ വില്പന ഏറുമെന്ന് വ്യാപാരികൾ പറഞ്ഞു.