ജൽ ജീവൻ പദ്ധതി: പൊളിച്ച റോഡുകൾ നന്നാക്കാത്തതിനെതിരേ ഗ്രാമപഞ്ചായത്തുകൾ
1486043
Wednesday, December 11, 2024 3:58 AM IST
പത്തനംതിട്ട: ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാത്തതിനെതിരേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ. റോഡുകൾ അടിയന്തരമായി കോൺക്രീറ്റ് ചെയ്യുന്നതിനു നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കത്തു നൽകാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷൻ ജില്ലാ യോഗം തീരുമാനിച്ചു.
ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ പലയിടത്തും പാതിവഴിയിലാണ്. പ്രവർത്തനങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടാകുന്നില്ലെന്നും യോഗത്തിൽ പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു. കുടിവെള്ള ലഭ്യത വേഗത്തിൽ ഉറപ്പാക്കാനാകുന്നില്ല. ജോലികൾ പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. കരാറുകാരുടെ ഭാഗത്തുനിന്ന് കുറേക്കൂടി ക്രിയാത്മകമായ സമീപനം ഉണ്ടാകണമെന്ന ആവശ്യം ഉണ്ടായി.
ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട ജോലികൾക്ക് കരാറുകാർക്ക് ഫണ്ട് മുടക്കം കൂടാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന ആവശ്യവുമുയർന്നു.
കാട്ടുപന്നികളെ നിർമാർജനം ചെയ്യും
കൃഷിയിടങ്ങളിൽ ശല്യമാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് ആവശ്യമായ നടപടികൾ ഊർജിതമാക്കാൻ പ്രസിഡന്റുമാരുടെ യോഗത്തിൽ ധാരണയായി. അംഗീകൃത ലൈസൻസുള്ളവർക്ക് പന്നിയെ വെടിവയ്ക്കാൻ അധികാരമുണ്ട്. ഇതിന് ഉത്തരവ് നൽകാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് കഴിയും.
എന്നാൽ തോക്ക് ലൈസൻസുള്ളവരെ ലഭിക്കാനുള്ള ബുദ്ധിമുട്ടും ഇതുമായി ബന്ധപ്പെട്ട ചെലവുകൾക്ക് പണമില്ലാത്തതും കാരണം പഞ്ചായത്തുകൾ നടപടികളിൽനിന്ന് പിന്തിരിയുകയാണ്. ഇതോടെ കൃഷിയിടങ്ങളിൽ കാട്ടുപന്നി വ്യാപകമായി ശല്യം ചെയ്തുവരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇവയെ നശിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്താനാണ് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചത്.
ജീവനക്കാരെ പുനർവിന്യസിക്കണം
പഞ്ചായത്തിലെ ഒഴിവുള്ള തസ്തികളിലേക്ക് ജീവനക്കാരെ പുനർവിന്യസിന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അസോസിയേഷൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകളിലെ പദ്ധതികൾക്ക് ആസൂത്രണ സമിതി അംഗീകാരം ലഭിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നില്ലെന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി.
പ്ലാൻ ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ചെങ്കിലും പഞ്ചായത്തിൽ ഫണ്ട് ലഭ്യമാകാത്തതിനാൽ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ തുടർന്നു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. അനുവദിച്ച പണം ഉടൻ ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നു. പഞ്ചായത്തുകളുടെ തനത് അക്കൗണ്ടിൽനിന്നു മാർച്ച് മാസം പിടിച്ച പണം തിരികെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
പെരുനാട്ടിലെ ശബരിമല ഇടത്താവളത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ശ്രീധരൻ (കൊടുമൺ), അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോൺസൺ വിളവനാൽ, പിങ്കി ശ്രീധർ, ടി.കെ. ജയിംസ്, വി.എസ്. ആശ, ഉഷാ സുരേന്ദ്രനാഥ്, മിനി ജിജി ജോസ്, റോണി സക്കറിയ, ഇ.എച്ച്. ഇന്ദിര, അനുരാധ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.