ശബരിമല: തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് പാർക്കിംഗ് വിപുലീകരിക്കും
1486046
Wednesday, December 11, 2024 3:58 AM IST
ശബരിമല: ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് വാഹന പാര്‍ക്കിംഗ് സൗകര്യം വിപുലമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പമ്പയിലെ തിരക്ക് പരിഗണിച്ച് 1200 ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള അധിക സൗകര്യം കൂടി ഈ തീര്‍ഥാടന കാലത്ത് ഒരുക്കിയിട്ടുണ്ട്. എരുമേലിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ 6.5 ഏക്കര്‍ സ്ഥലത്തും പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
അഗ്നിരക്ഷാസേന സജ്ജം
ശബരിമലയില്‍ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സജ്ജമായി അഗ്നിരക്ഷാസേന. മണ്ഡലകാലം തുടങ്ങിയതു മുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധ രീതിയിലുള്ള 190ഓളം ഇടപെടലുകള്‍ നടത്തിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്. അഭിലാഷ് അറിയിച്ചു.
നടപ്പന്തല്‍, മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി പോയിന്റ്, കൊപ്രാക്കളത്തിന് സമീപം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ ഫയര്‍ പോയിന്റുകളിലായി 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കാൻ ക്രമീകരണമുണ്ട്. 75 അഗ്നിരക്ഷാ ഉദ്യോഗസ്ഥരും 11 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും ഒരു ഹോം ഗാര്‍ഡും ഒന്‍പത് ഫയര്‍ പോയിന്റുകളിലായി പ്രവര്‍ത്തിക്കുന്നു.
അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കണ്ട്രോള് റൂമില്‍ മൂന്നും ഓരോ ഫയര്‍ പോയിന്റുകളിലും രണ്ടുവീതവും സ്ട്രെക്ചറുകളും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഫയര്‍ഫോഴ്സ് സേവനം നല്കുന്നു. സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളില്‍ പൊടി നീക്കം ചെയ്യുന്നതിനും സന്നിധാനത്തെ ആഴിക്കു സമീപം ചൂട് കുറയ്ക്കാനും വാട്ടര്‍ സ്പ്രേ ചെയ്യുന്നു.
പമ്പയില്‍ 80 അഗ്നിരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പമ്പയിലെ സ്നാനക്കടവില്‍ പ്രത്യേക പരിശീലനം ലഭിച്ച അഞ്ച് സ്കൂബാ ഡൈവിംഗ് അംഗങ്ങളും സേവനസജ്ജരായുണ്ട്. സന്നിധാനത്തെ ആഴിക്കു സമീപമാണ് അഗ്നിരക്ഷാസേനയുടെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. ഫോൺ: 0473 5202033.