പമ്പയില്‍നിന്ന് ഏഴു പുതിയ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സർവീസുകൾ
1486564
Thursday, December 12, 2024 8:00 AM IST
ശബരിമല: ഗബരിമലയിലെ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പമ്പയില്‍നിന്നു കെഎസ്ആര്‍ടിസിയുടെ ഏഴ് പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സര്‍വീസുമാണ് പുതിയതായി ആരംഭിച്ചത്.
നിലവില്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നാണ് ദീര്‍ഘദൂര സര്‍വീസുകളുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനോടെപ്പം പമ്പ ബസ് സ്റ്റേഷനില്‍നിന്നു സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് 40 പേര്‍ക്ക് മുന്‍ നിശ്ചയിച്ച നിരക്ക് പ്രകാരം യാത്രാസൗകര്യം ഒരുക്കുന്ന കെഎസ് ആര്‍ടിസിയുടെ ചാര്‍ട്ടേഡ് ട്രിപ്പുകളും പമ്പ ബസ് സ്റ്റേഷനില്‍നിന്നും ഉപയോഗപ്പെടുത്താം.
ത്രിവേണിയില്‍നിന്നും പമ്പ ബസ് സ്റ്റേഷനിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകള്‍ സൗജന്യ സര്‍വീസും നടത്തുന്നുണ്ട്. മണ്ഡലകാലം ആരംഭിച്ചശേഷം ചൊവ്വാഴ്ച വരെ പമ്പയില്‍ നിന്നും 61,109 ചെയിന്‍ സര്‍വീസുകളും 12,997 ദീര്‍ഘദൂര സര്‍വീസുകളും നടത്തി.
കാനനപാതയിൽ സമയക്രമം പാലിക്കണം
ശബരിമല: കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സത്രം പുല്ലുമേട് വഴി രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും മുക്കുഴി വഴി രാവിലെ ഏഴുമുതൽ മൂന്നുവരെയും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. തിരിച്ച് ശബരിമലയില്‍ പുല്ലുമേട് വഴി രാവിലെ എട്ട് മുതൽ 11 വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കാനനപാത വഴി ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ നിശ്ചിതവഴികളിലൂടെ മാത്രം യാത്ര ചെയ്യാന്‍ പാടുള്ളൂ. നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെ കുറുക്കുവഴികള്‍ കയറാതിരിക്കുക. തീര്‍ഥാടകര്‍ പ്ലാസ്റ്റിക് കൊണ്ടുവരാനോ വസ്ത്രങ്ങള്‍ വനങ്ങളില്‍ വലിച്ചെറിയാനോ പാടില്ല. പ്രാഥമികാവശ്യങ്ങൾക്ക് ബയോ ടോയ്ലറ്റുകള് ഉപയോഗിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കുരങ്ങുകള്‍ ഉള്‍പ്പെടെ ഒരുവിധ വന്യജീവികളെയും സമീപിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യരുതെന്നും വനംവകുപ്പ് നിർദേശത്തിൽ പറയുന്നു.
കാനനപാതയിലൂടെ എത്തുന്നവർ വനംവകുപ്പിന്റെ അയ്യൻ ആപ്പ് പ്രയോജനപ്പെടുത്തണം. പന്പ, സന്നിധാനം, സ്വാമി അയ്യപ്പന്റ റോഡ്, പന്പ-നീലിമല-സന്നിധാനം, എരുമേലി-അഴുതക്കടവ്-പന്പ, സത്രം-ഉപ്പുപാറ-സന്നിധാനം പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.
തീര്‍ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം
പത്തനംതിട്ട: പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെക്കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി (https://www.keralatourism.org/sabarimala/) ടൂറിസം വകുപ്പ്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് സഹായകമാകുംവിധം അഞ്ചു ഭാഷകളില്‍ തയാറാക്കിയ മൈക്രോസൈറ്റും ഇംഗ്ലീഷ് ഇ-ബ്രോഷറും ഹ്രസ്വചിത്രവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഉള്ളടക്കമുള്ളത്.
തീര്‍ഥാടന വിനോദസഞ്ചാരത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇതിന്റെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സംസ്കാരവും പൈതൃകവും അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ശബരിമല മൈക്രോസൈറ്റ് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
തീര്‍ഥാടനം, ഗതാഗത, താമസസൗകര്യങ്ങള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന വിവരങ്ങളെല്ലാം മൈക്രോസൈറ്റിലുണ്ട്. സമഗ്രമായ ഉള്ളടക്കത്തിനൊപ്പം തീര്‍ഥാടകര്‍ക്ക് യാത്രാപദ്ധതി കൃത്യമായി ആസൂത്രണം ചെയ്യാനും മൈക്രോസൈറ്റ് സഹായിക്കും.
ശബരിമലയുടെ പ്രധാന വിവരങ്ങള്‍ അടങ്ങുന്ന ഹ്രസ്വചിത്രവും ഫോട്ടോ ഗാലറിയും അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും മൈക്രോസൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.