ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു നേട്ടം
1486569
Thursday, December 12, 2024 8:00 AM IST
പത്തനംതിട്ട: ജില്ലയിൽ നടന്ന ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു നേട്ടം. രണ്ട് ബ്ലോക്ക് ഡിവിഷനുകൾ നിലനിർത്തിയപ്പോൾ ഒരു ഗ്രാമപഞ്ചായത്ത് വാർഡ് പിടിച്ചെടുത്തു. എന്നാൽ, ഒരു വാർഡ് നഷ്ടപ്പെട്ടു. എൽഡിഎഫ് ഒരു വാർഡ് നിലനിർത്തിയപ്പോൾ, ബിജെപി ഒരു വാർഡിൽ നേട്ടമുണ്ടാക്കി.
കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന ഡിവിഷനുകളിലാണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ഇരുന്പുകുഴി വാർഡ് യുഡിഎഫിൽനിന്നു ബിജെപി പിടിച്ചെടുത്തു. നിരണത്തെ കിഴക്കുമുറി വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ അരുവാപ്പുളത്തെ പുളിഞ്ചാണി വാർഡ് എൽഡിഎഫ് നിലനിർത്തി.
കോന്നി ബ്ലോക്കിലേത് തകർപ്പൻ ജയം;ഭരണം നിലനിർത്താനാകും
പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നിർണായകമായിരുന്ന ഇളകൊള്ളൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തകർപ്പൻ ജയം. ഇടയ്ക്കു കൈവിട്ടുപോയ ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരികെ പിടിച്ചെങ്കിലും ഇതു നിലനിർത്താൻ ബ്ലോക്ക് ഡിവിഷനിലെ വിജയം അനിവാര്യമായിരുന്നു. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജോളി ഡാനിയേൽ 1309 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
2020ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജിജി സജി വിജയിച്ച ഡിവിഷനാണിത്. ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണം അട്ടിമറിച്ച് എൽഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റു സ്ഥാനത്തെത്തിയ ജിജി സജിയെ തെരഞ്ഞെടുപ്പ് അയോഗ്യയാക്കിയതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ജോളി ഡാനിയേൽ വിജയിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് 13 അംഗ ഭരണസമിതിയിൽ യുഡിഎഫ് അംഗബലം ഏഴായി. ഒരു സീറ്റ് ഒഴിഞ്ഞു കിടന്നതോടെ ഇരുമുന്നണികളും അംഗബലത്തിൽ തുല്യരായിരുന്നു. ജിജി സജി അയോഗ്യതയായതോടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം തിരികെ പിടിച്ചത്. വൈസ് പ്രസിഡന്റു സ്ഥാനം നിലവിൽ എൽഡിഎഫിന്റെ കൈവശമാണ്.
ഇളകൊള്ളൂർ ഡിവിഷൻ വോട്ടുനില
ആകെ വോട്ട് - 10063
പോൾ ചെയ്തത് - 5285
ജോളി ഡാനിയേൽ (കോൺഗ്രസ്) - 2787
ജലജ പ്രകാശ് (സിപിഎം) - 1478
മീന എം. നായർ (ബിജെപി) - 1020
വല്ലന ഡിവിഷനും യുഡിഎഫ് നിലനിർത്തി
കോഴഞ്ചേരി: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന ഡിവഷനും യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ശരത് മോഹൻ 245 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഡിവിഷനെ പ്രതിനിധികരിച്ചിരുന്ന കോൺഗ്രസിലെ സി.പി. ലീനയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതിനു പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് സിപിഎം പിന്തുണയിൽ തെരഞ്ഞെടുക്കപ്പെട്ട സി.പി. ലീനയ്ക്കെതിരേ പാർട്ടി കൂറുമാറ്റ നിരോധന നിയമപ്രകാരം നൽകിയ പരാതിയിലാണ് അയോഗ്യയാക്കപ്പെട്ടത്. കഴിഞ്ഞ തവണ 126 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീനയ്ക്കുണ്ടായിരുന്നത്.
യുഡിഎഫിന് അംഗബലം പഴയതുപോലെ ആയെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ ഇതു ബാധിക്കില്ല. 13 അംഗ ഭരണസമിതിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് മൂന്ന്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വല്ലന ഡിവിഷൻ വോട്ടുനില
ആകെ വോട്ട് - 5954
പോൾ ചെയ്തത് - 3176
ശരത് മോഹൻ (കോൺഗ്രസ് ) - 1503
കെ.ബി. അരുൺ (സിപിഎം) - 1258
പി.ജി. അശോകൻ (ബിജെപി) - 415
നിരണത്ത് അട്ടിമറിവിജയം
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ കിഴക്കുമുറിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് അട്ടിമറി വിജയം. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസിലെ റെജി കണിയാംകണ്ടത്തിൽ (മാത്യു ബേബി) 214 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ലതാ പ്രസാദ് അന്തരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലതയുടെ ഭർത്താവ് പ്രസാദ് കുത്തുനടയിലിനെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിച്ചിരുന്നത്.
നിരണം പഞ്ചായത്ത് ഭരണത്തിലുള്ള യുഡിഎഫിന് ഉപതെരഞ്ഞെടുപ്പ് ഫലം നേട്ടവുമാണ്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും അഞ്ച് വീതം അംഗങ്ങളും ഒരു ബിഡിജെഎസ് സ്വതന്ത്രനും രണ്ട് സ്വതന്ത്രരുമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. യുഡിഎഫായിരുന്നു തുടക്കത്തിൽ ഭരണത്തിലുണ്ടായിരുന്നത്. പ്രസിഡന്റായിരുന്ന കെ.പി. പുന്നൂസിന്റെ രാജിയോടെ ഭരണം എൽഡിഎഫ് പിടിച്ചു. ബിഡിജെഎസ് സ്വതന്ത്രൻ പിന്നീട് സിപിഎമ്മിൽ ചേർന്നു. ലതാ പ്രസാദ് മരിച്ചതോടെ അംഗബലം വീണ്ടും അഞ്ചായി. ഇതിനിടെ അവിശ്വാസം വന്നപ്പോൾ എൽഡിഎഫിനു ഭരണം നഷ്ടമായി. രണ്ട് സ്വതന്ത്രാംഗങ്ങളെയും കൂട്ടി ഭരണത്തിലെത്തിയ യുഡിഎഫിന് ഒരു മെംബർ സ്ഥാനം കൂടി ലഭിച്ചത് ആശ്വാസമായി.
കിഴക്കുമുറി വാർഡ് വോട്ടുനില
ആകെ വോട്ട് - 1132
പോൾ ചെയ്തത് - 851
റെജി കണിയാംകണ്ടത്തിൽ (കോൺ.) - 525
പ്രസാദ് കൂത്തുനടയിൽ (സിപിഎം) - 311
വിജയകുമാരിയമ്മ (ബിജെപി) - 15
എഴുമറ്റൂരിൽ ബിജെപി നേടി
എഴുമറ്റൂർ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡായ ഇരുന്പുകുഴി യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി ആർ. റാണി 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് അംഗമായിരുന്ന ലീലാമ്മ സാബുവിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ നിലവിൽ എൽഡിഎഫിന് ഏഴ് അംഗങ്ങളുണ്ട്. യുഡിഎഫിന് നാലു പേരാണുള്ളത്. ബിജെപിയുടെ അംഗബലം രണ്ടിൽ നിന്ന് മൂന്നായി ഉയർന്നു.
ഇരുന്പുകുഴി വാർഡ് വോട്ടുനില
ആകെ വോട്ട് - 1160
പോൾ ചെയ്തത് - 712
ആർ. റാണി (ബിജെപി) - 295
സൂസൻ ജെയിംസ് (കോൺ.) - 247
ബീന ജോസഫ് (എൽഡിഎഫ്) - 170
അരുവാപ്പുലത്ത് എൽഡിഎഫിന് ആശ്വാസം
അരുവാപ്പുലം: ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് പുളിഞ്ചാണി നിലനിർത്താനായത് എൽഡിഎഫിന് ആശ്വാസമായി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പഞ്ചായത്തംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയുമായിരുന്ന സിപിഎമ്മിലെ സി.എൻ. ബിന്ദു സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്ത് മെംബർ സ്ഥാനം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭരണത്തിലുള്ള എൽഡിഎഫിന്റെ അംഗബലം തിരികെ ഒന്പതിലേക്കെത്തി. യുഡിഎഫിന് ആറംഗങ്ങളാണുള്ളത്.
പുളിഞ്ചാണി വാർഡ് വോട്ടുനില
ആകെ വോട്ട് - 1220
പോൾ ചെയ്തത് - 846
മിനി രാജീവ് (സിപിഎം) - 431
മായ പുഷ്പാംഗദൻ (ആർഎസ്പി) - 325
ജയശ്രീ (ബിജെപി) - 90