മുനമ്പത്തെ മനുഷ്യാവകാശ ലംഘനം കണ്ടില്ലെന്നു നടിക്കരുത്: മാർ യൗസേബിയോസ്
1486044
Wednesday, December 11, 2024 3:58 AM IST
തിരുവല്ല: മുനമ്പത്തെ മനുഷ്യാവകാശ ലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്നും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യം ആശങ്കയോടെ കാണണമെന്നും കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത.
കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ മനുഷ്യാവകാശ ദിനാചരണവും സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിസഹായരായ മനുഷ്യരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ജീവിതങ്ങൾ നമ്മുടെ സമൂഹത്തിൽ വളരെയാണെന്നും അവരെ കരുതുവാനും സ്നേഹിക്കുവാനും അവകാശങ്ങൾ സംരക്ഷിച്ച് നൽകുവാനുമുള്ള കടമയും ഉത്തരവാദിത്വവും നിർവഹിക്കണമെന്നും മാർ യൗസേബയോസ് പറഞ്ഞു.
കെസിസി കമ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
സോണൽ പ്രസിഡന്റ് റവ.ഡോ. ജോസ് പുനമഠം, കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, റവ. ബിനു വർഗീസ്, ഫാ. ഡോ.ജോൺ മാത്യു, ആനി ചെറിയാൻ, ബെൻസി തോമസ്, നാഷണൽ കോളജ് ഡയറക്ടർ സീന മജ്നു, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.
മനുഷ്യാവകാശദിനാചരണം
തിരുവല്ല: യുണൈറ്റഡ് റിലിജിയസ് ഇനിഷ്യേറ്റീവ് (യുആർഐ) പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശദിനം ആചരിച്ചു. തുകലശേരി ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മുളവന രാധാകൃഷ്ണൻ, വി.എം. ജോസഫ്, ശ്രീനാഥ് കൃഷ്ണൻ, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.
പന്തളം: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രതിജ്ഞയെടുത്തു. രാവിലെ 11ന് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അഡീഷണൽ എസ്പി ആർ. ബിനു, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി. സുനിൽ കുമാർ, വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.