അമ്മുവിന്റെ മുറിയിലെ സാധനങ്ങൾ ഏറ്റുവാങ്ങി; പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ
1485959
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തെത്തുടർന്ന് ഹോസ്റ്റൽ മുറിയിലെ സാധനങ്ങൾ ഇന്നലെ മാതാപിതാക്കൾക്കു കൈമാറി. അത്യന്തം വികാരനിർഭരമായ രംഗങ്ങൾക്കാണ് വെട്ടിപ്പുറത്തെ സ്വകാര്യ ഹോസ്റ്റൽ സാക്ഷ്യംവഹിച്ചത്.
മകളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും അടക്കമുള്ളവയാണ് അച്ഛൻ സജീവും അമ്മ രാധാമണിയും ഏറ്റുവാങ്ങിയത്. മകൾ ജീവനൊടുക്കിയെന്ന് വിശ്വസിക്കാൻ ഇപ്പോഴും തങ്ങൾക്കാകുന്നില്ലെന്ന് സജീവ് പറഞ്ഞു.
ഒട്ടേറെ സ്വപ്നങ്ങളുമായി നഴ്സിംഗ് പഠനത്തിനു പുറപ്പെട്ട മകളുടെ മടക്കം ഇത്തരത്തിലായതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നും സജീവ് ആവശ്യപ്പെട്ടു.
അധ്യാപകനെതിരേ കുടുംബം
നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കോളജിലെ ഒരു അധ്യാപകനെതിരേ കുടുംബം പോലീസിൽ പരാതി നൽകി. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകനും കേസിൽ പ്രതികളായ വിദ്യാർഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചതായി അച്ഛൻ സജീവിന്റെ പരാതിയിൽ പറയുന്നു.
പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സജീവ് പറഞ്ഞു. ഒരു തവണ പറയുന്ന കാര്യമല്ല പ്രിന്‍സിപ്പൽ പിന്നീട് പറയുന്നതെന്നും പല കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സജീവ് ആരോപിച്ചു. പ്രിൻസിപ്പലിനെ മാറ്റിയതുതന്നെ സംഭവത്തിൽ അദ്ദേഹത്തിനു വീഴ്ചയുണ്ടെന്നു ബോധ്യപ്പെട്ടതിനാലാകാമെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നഴ്സിംഗ് കോളജ് പ്രിൻസിപ്പലിന് വീഴ്ച പറ്റിയിട്ടുണ്ടെന്നതിൽ തർക്കമില്ലെന്നും കുടുംബാംഗങ്ങൾ അഭിപ്രായപ്പെട്ടു.
അമ്മുവിന്റെ ആത്മഹത്യാക്കുറിപ്പ്
സഹപാഠികളായ ചില കുട്ടികളിൽനിന്നു പരിഹാസവും മാനസിക ബുദ്ധിമുട്ടുകളും നേരിട്ടുവെന്ന അമ്മുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇത് അമ്മു എഴുതിയതാണെങ്കിലും പൂർത്തിയാക്കിയതായി കാണുന്നില്ല. ഹോസ്റ്റലിൽ അമ്മുവിന്റെ വസ്തുവകകളിൽനിന്നാണ് കുറിപ്പ് കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൾക്ക് സഹപാഠികളായ മൂന്നു വിദ്യാർഥിനികളിൽനിന്ന് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് അച്ഛൻ പറഞ്ഞു.