കൊടുമണ്ണിൽ കോൺഗ്രസ് ഓഫീസ് സ്ഥലം അളന്നു കല്ലിട്ടത് ഹൈക്കോടതി സ്റ്റേ ചെയ്തു
1486055
Wednesday, December 11, 2024 4:10 AM IST
കൊടുമൺ: പുറന്പോക്ക് കൈയേറിയെന്ന പരാതിയെത്തുടർന്ന് കൊടുമണ്ണിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അളന്നു കല്ലിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
കോൺഗ്രസ് ഓഫീസ്പ്രവർത്തിക്കുന്ന സ്ഥലത്ത് റവന്യുവകുപ്പ് കല്ലിട്ടതിനെത്തുടർന്ന് കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റവന്യു, പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്ലിട്ടത്.
കൊടുമണ്ണിൽ സ്റ്റേഡിയത്തിന് എതിർവശത്ത് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിൽ ഓടയുടെ അലൈൻമെന്റ് മാറ്റിയെന്ന ആക്ഷേപത്തെത്തുടർന്ന് അഞ്ചു മാസം മുമ്പ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
ഇതേത്തുടർന്ന് മന്ത്രിയുടെ ഭർത്താവ് കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തു പുറന്പോക്ക് കൈയേറ്റം നടന്നതായി ആരോപിച്ചു ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. പരാതിയെത്തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം റവന്യു വിഭാഗം അടുത്തിടെ പുറന്പോക്ക് അളക്കുകയുണ്ടായി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പിൻവശത്ത് കെട്ടിടത്തിന്റെ ഉൾവശംവരുന്ന വിധമാണ് കഴിഞ്ഞ ആഴ്ച അളന്നു കല്ലിട്ടത്.
പരാതി നൽകിയിട്ടും കളക്ടറോ റവന്യു അധിക്യതരോ ഹിയറിഗിന് വിളിക്കാതെയാണ് കല്ലിട്ടതെന്ന കോൺഗ്രസ് പ്രവർത്തകരുടെ പരാതിയും നിലനിൽക്കുന്നു. റീസർവേയിലെ അപാ കതകളും പരിഹരിച്ചിട്ടില്ല.
ഓഫീസ് പൊളിക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമെന്ന്
കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ പേരിൽ കോൺഗ്രസിന്റെ കൊടുമൺ മണ്ഡലം കമ്മിറ്റി ഓഫീസ് പൊളിപ്പിക്കുവാനുള്ള ആരോഗ്യമന്ത്രിയുടെ ഭർത്താവിന്റെയും സിപിഎമ്മിന്റെയും നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സഖറിയ വർഗീസ്.
മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് കല്ലിട്ട നടപടി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ ഭർത്താവിന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന് സമീപം ഓട വളച്ച് നിർമിച്ചതിനുശേഷം ഭരണസ്വാധീനം ഉപയോഗിച്ച് റോഡിന്റെ വശത്തായി പുറമ്പോക്ക് ഉണ്ടെന്ന് വരുത്തിത്തീർത്ത് കോൺഗ്രസ് ഓഫീസ് പൊളിക്കുന്നതിനാണ് ശ്രമിച്ചത്.
ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ നിർമാണത്തിൽ വ്യാപക അഴിമതിയാണ് നടന്നിട്ടുള്ളതെന്നും സഖറിയ വർഗീസ് ആരോപിച്ചു.