രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും മൂന്ന് ഗ്രാമവാർഡുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്
1485952
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങളിലും മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്.
കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, ഗ്രാമപഞ്ചായത്തുകളിൽ നിരണത്തെ കിഴക്കുംമുറി, എഴുമറ്റൂരിലെ ഇരുമ്പുകുഴി, അരുവാപ്പുലത്തെ പുളിഞ്ചാണി എന്നിവിടങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
കോന്നി, പന്തളം ബ്ലോക്ക് ഡിവിഷനുകളിലെ മെംബർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. രണ്ടിടങ്ങളിലും കോൺഗ്രസിലെ വനിതാ മെംബർമാർക്കെതിരേയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി വന്നത്.
കോൺഗ്രസ് പാർട്ടിയുടെ വിപ്പ് ലംഘിച്ച് എൽഡിഎഫിനെ പിന്തുണച്ചതിന്റെ പേരിലാണ് നടപടി വന്നത്. കോന്നിയിൽ ഇളകൊള്ളൂർ ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന ജിജി സജി എൽഡിഎഫിനൊപ്പം ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും പന്തളത്തെ വല്ലന ഡിവിഷൻ പ്രതിനിധി പി.പി. ലീന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് എൽഡിഎഫ് പിന്തുണയിൽ സ്ഥിരം സമിതി അധ്യക്ഷയായതുമാണ് അയോഗ്യതയ്ക്കു കാരണമായത്.
നിരണം ഗ്രാമപഞ്ചായത്തിൽ മുൻ പ്രസിഡന്റ് ലതാ പ്രസാദിന്റെ (സിപിഎം) മരണത്തെത്തുടർന്നുള്ള ഒഴിവിലാണ് കിഴക്കുംമുറി വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പുളിഞ്ചാണി വാർഡിൽ മെംബറായിരുന്ന സി.എൻ. ബീന സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവയ്ക്കുകയായിരുന്നു. എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ഇരുന്പുകുഴി വാർഡിൽ കോൺഗ്രസിലെ വനിതാ മെംബർ ലീലാമ്മ സാബുവിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. വൈകുന്നേരം ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയിലേതെങ്കിലും രേഖ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
സമ്മതിദായകരുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനു പകരം ഇടതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. വോട്ടെണ്ണല്‍ നാളെ രാവിലെ പത്തിനാണ് ആരംഭിക്കുന്നത്.