കരുതലും കൈത്താങ്ങും അദാലത്തിനു തുടക്കമായി ; തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നടപടി: മന്ത്രി പി. രാജീവ്
1485961
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിന് ജില്ലയില്‍ തുടക്കം.
പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ കോഴഞ്ചേി താലൂക്കുതല അദാലത്തിൽ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാര നടപടികള്‍ നിർദേശിച്ചത്.
മന്ത്രി പി. രാജീവ് അദാലത്ത് ഉദ്ഘാടനം ചെയ്തു. സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതിന്റെ തെളിവാണ് പരാതികള്‍ കുറയാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. അദാലത്തുകളിലൂടെ വിപുലമായ പ്രശ്നപരിഹാരത്തിനാണ് അവസരം. വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്ന ജനസേവകരായ ഉദ്യോഗസ്ഥരാണ് വേണ്ടത്. തീരാസംശയമുള്ള മറ്റൊരുവിഭാഗം തീരുമാനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണടയാണ് അവര്‍ക്കുണ്ടാകേണ്ടത്. ജനപക്ഷത്തുനിന്ന് ചിന്തിക്കാനാകുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഉദ്യോഗസ്ഥര്‍ നിയമങ്ങളിലെ കാലികമാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണെന്ന് തിരിച്ചറിയണം. ബോധപൂര്‍വം താമസിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 38 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ കൈമാറി.ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോയി ഫിലിപ്പ്, ജോണ്സണ് വിളവിനാല്‍, മിനി ജിജു ജോസഫ്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മല്ലപ്പള്ളി താലൂക്കുതല അദാലത്ത് ഇന്നു മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് പള്ളിയിൽ നടക്കും.