ജനപക്ഷ ഇടപെടലിന്റെ ഭാഗമാണ് അദാലത്തുകള്‍: മന്ത്രി വീണാ ജോര്‍ജ്
1486057
Wednesday, December 11, 2024 4:10 AM IST
മല്ലപ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ ഭാഗമാണ് അദാലത്തുകളെന്ന് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്കുതല അദാലത്ത് സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലഭിക്കുന്ന പരാതികള്‍ അദാലത്തിനുശേഷവും വിവിധതലങ്ങളില്‍ പരിശോധിച്ചാണ് പരിഹാരം ഉറപ്പാക്കുക. പൂർണമായും പരിഹരിക്കപ്പെടാത്തവ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തും.
മന്ത്രിതലത്തിലും അഡീഷണല്‍ ചീഫ് സെക്രട്ടറിയെയോ ഉന്നത ഉദ്യോഗസ്ഥനെയോ ചുമതലപ്പെടുത്തിയും പരാതികളുടെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരാതികളില്‍ ന്യായമായി ഇടപെട്ട് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 32 മുന്‍ഗണനാ റേഷന്‍കാര്‍ഡുകളും വിതരണം ചെയ്തു.
മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
കംപ്യൂട്ടറിന് പിഴവാകാം; നീതിക്ക് തടസമാകരുത്
മല്ലപ്പള്ളി: കംപ്യൂട്ടര്‍വത്കരണ കാലഘട്ടത്തിലെ പിഴവുകള്‍ക്കുമുണ്ട് അദാലത്തില്‍ പരിഹാരം. കെട്ടിടത്തിനു നമ്പര്‍ പോലും കിട്ടാത്ത നിലയിലേക്ക് കാര്യങ്ങള്‍ നീണ്ടപ്പോള്‍ മന്ത്രി വീണാ ജോര്‍ജിന്റെ സത്വരനടപടി തുണയായത് കീഴ്വായ്പൂ ര്‍ പരയ്ക്കത്താനം സെന്റ് തോമസ് മാര്‍ത്തോമ്മ ഇടവക ട്രസ്റ്റി ജേക്കബ് കുരുവിളയ്ക്കാണ്.
കഴിഞ്ഞ 35 വര്‍ഷങ്ങളായി പള്ളിക്കടുത്ത് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിന് കെട്ടിട നന്പർ ലഭിക്കാതിരുന്നതാണ് അദാലത്തിൽ പരാതിയായി എത്തിയത്. കംപ്യൂട്ടർവത്കരണ സമയത്തുവന്ന പിഴവാണ് നമ്പര്‍ കിട്ടുന്നതിന് തടസമയത്. കംപ്യൂട്ടർ സോഫ്റ്റ്വെയറുകൾ മാറിയതോടെ പഴയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കാന് കഴിയില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്.
കെട്ടിടത്തിന്റെ കാലപ്പഴക്കം രേഖകളിലൂടെ വ്യക്തമായതോടെയും പഞ്ചായത്തിന് എതിര്‍പ്പില്ലാത്തതിനാലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് മുഖേന സോഫ്റ്റ്വെയറില് മാറ്റംവരുത്തി വിവരങ്ങള്‍ അപ്ലോഡ് ചെയ്തു നമ്പര്‍ ലഭ്യമാക്കാനാണ് മന്ത്രി ഉത്തരവിട്ടത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.