നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പത്തനംതിട്ട കളക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു
1485949
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു.
നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ 14 മുതൽ അവധിയിലായിരുന്നു മഞ്ജുഷ. താൻ നേരത്തെ ജോലി ചെയ്തിരുന്ന കോന്നി തഹസിൽദാർ തസ്തികയിൽനിന്നു മാറ്റംവേണമെന്നാവശ്യപ്പെട്ട് മഞ്ജുഷ റവന്യുവകുപ്പിനു അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് റവന്യു ഡയറക്ടറേറ്റിന്റെ ഉത്തരവുമായാണ് ഇന്നലെ രാവിലെ കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചത്.
പത്തനംതിട്ട കളക്ടറേറ്റിൽ ഭൂരേഖ താഹസിൽദാറുടെ ചുമതലയാണ് വഹിക്കുക. നവീൻ ബാബുവിന്റെ മരണശേഷം തഹസിൽദാറായി തുടരാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താനെന്ന് മഞ്ജുഷ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു തങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനു നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കുടുംബം വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് കുടുംബം നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുകയാണ്.
സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്ന സാഹചര്യത്തിൽ കുടുംബത്തിന്റെ വാദങ്ങൾക്കു പ്രസക്തിയേറും. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു തങ്ങള്‍ ഉന്നയിച്ചിട്ടുള്ള സംശയങ്ങള്‍ക്കു വ്യക്തമായ മറുപടി ഇല്ലാത്തതും ദുരൂഹതകള്‍ നീങ്ങാത്തതും മുന്‍നിര്‍ത്തി നിയമപോരാട്ടം നടത്താനാണ് കുടുംബം ശ്രമിക്കുന്നത്.