തുരുത്തിക്കാട് മാർത്തോമ്മ പള്ളി ശതോത്തര രജതജൂബിലി ഉദ്ഘാടനം 15ന്
1486558
Thursday, December 12, 2024 8:00 AM IST
പത്തനംതിട്ട: തുരുത്തിക്കാട് മാർത്തോമ്മ ഇടവക ശതോത്തര രജതജൂബിലി ഉദ്ഘാടനം 15നു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
15നു രാവിലെ എട്ടിന് വിശുദ്ധ കുർബാനയ്ക്ക് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. രാവിലെ 10നു നടക്കുന്ന സമ്മേളനത്തിൽ വികാരി റവ.സി. സജു സാമുവേൽ അധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ജൂബിലി ഉദ്ഘാടനവും ആന്റോ ആന്റണി എംപി ജൂബിലി പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. പാരിഷ് ഡയറക്ടറി പ്രകാശനം മാത്യു ടി. തോമസ് എംഎൽഎയും മുൻ വികാരിമാരെ ആദരിക്കൽ പ്രഫ. പി.ജെ. കുര്യനും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ്, ജോളി റെജി, റവ. സ്റ്റീഫൻ മാത്യു, എൻ. പത്മകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
ജൂബിലിയുടെ ഭാഗമായി ധ്യാനയോഗങ്ങൾ, മിഷൻ ടൂർ, പ്രാർഥനാ ചങ്ങല, വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, വിവാഹ സഹായം, ഭവന നിർമാണ സഹായം, മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവത്കരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
ജൂബിലിയുടെ വിളംബരം അറിയിച്ചും സാമൂഹിക തിന്മകൾക്കെതിരേയുള്ള സന്ദേശം ഉയർത്തിയും 14നു വൈകുന്നേരം വാഹനജാഥ നടത്തും. കവുങ്ങുംപ്രയാർ മാർത്തോമ്മ പള്ളിയിൽനിന്ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന വിളംബരജാഥ വാലാങ്കര, മല്ലപ്പള്ളി പഴയ സുറിയാനി പള്ളി വഴി തുരുത്തിക്കാട് പള്ളിയിലെത്തും.
വികാരി റവ. സജു സാമുവേൽ, സെക്രട്ടറി ആനിയമ്മ ജയിംസ്, ട്രസ്റ്റി ജോർജ് ജോസഫ്, റെനി കെ.ജേക്കബ്, ജോർജ് ജോസഫ്, സണ്ണി തച്ചക്കാലിൽ, ബിജു നൈനാൻ, കോശി പി. സ്കറിയ, ബെൻസി അലക്സ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.