ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പീഡനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1486052
Wednesday, December 11, 2024 3:58 AM IST
പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് അടുപ്പത്തിലായി നിരന്തരം പ്രലോഭിപ്പിച്ച് പതിനേഴുകാരിയെ ഫോണിൽ വിളിച്ചുവരുത്തി വീട്ടിൽവച്ച് പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായൽ എം. എസ്. അഭിഷേകാണ് (18) പിടിയിലായത്.
നവംബർ രണ്ടുമുതൽ 21 വരെയുള്ള കാലയളവിലായിരുന്നു ലൈംഗികപീഡനം നടന്നത്. കൊല്ലം പുനലൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നിരന്തരം ബന്ധപ്പെട്ട് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
കൊല്ലം ശിശുക്ഷേമസമിതിയിൽനിന്നു ലഭിച്ച വിവരത്തെതുടർന്ന് തിരുവല്ല സ്റ്റേഷൻ എസ്സിപി ഒ കെ. ജയ, കുട്ടിയെ പാർപ്പിച്ച ചിൽഡ്രൻസ് ഹോമിലെത്തി മൊഴി രേഖപ്പെടുത്തി. തുടർന്ന്, പോലീസ് ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അഭിഷേകിനെ കസ്റ്റഡിയിലെടുത്തു.