നാലു വയസുകാരി വിഴുങ്ങിയ പാദസരം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു
1485954
Tuesday, December 10, 2024 7:55 AM IST
തിരുവല്ല: നാലു വയസുകാരി അബദ്ധത്തില്‍ വിഴുങ്ങിയ പാദസരം ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. ചങ്ങനാശേരി സ്വദേശിയായ കുട്ടിയെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞു പാദസരം വിഴുങ്ങിയെന്ന സംശയത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്.
എക്സ്റേ എടുത്തപ്പോള്‍ അടിവയറ്റില്‍ പാദസരം കണ്ടെത്തി. എന്‍ഡോസ്കോപ്പി നടത്തിയപ്പോള്‍ വെള്ളി പാദസരം ചെറുകുടലിന്റെ രണ്ടാം പകുതിയില്‍ കുടുങ്ങിയിരിക്കുന്നതായി മനസിലാക്കി.
പീഡിയാട്രിക് ഗ്യാസ്ട്രോഎന്‍ട്രോളജിയിലെ ഡോ. അനീഷ് ജോര്‍ജ് പോളിന്റെ നേതൃത്വത്തില്‍ അതീവസൂക്ഷ്മതയോടെ പാദസരം പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ ഏറെ നേരത്തെ നിരീക്ഷണത്തിനുശേഷം വിട്ടയച്ചു. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗും നല്‍കിയാണ് കുട്ടിയെ വിട്ടയച്ചത്.