കെഎസ്ആർടിസി കോന്നി സബ് ഡിപ്പോ മാർച്ചിൽ തുറക്കും
1486567
Thursday, December 12, 2024 8:00 AM IST
കോന്നി: കോന്നി കെഎസ്ആർടിസി സബ് ഡിപ്പോയുടെ പ്രവർത്തനം മാർച്ചിൽ ആരംഭിക്കും. കെഎസ്ആർടിസി, പൊതുമരാമത്ത്, കരാർ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എത്രയും വേഗം പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുനൽകാൻ തീരുമാനിച്ചതെന്നു കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
ഓഫീസ് സീലിംഗ്, ലൈറ്റ്, യാർഡ് പൂർത്തീകരണം എന്നിവയുടെ ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാനും പൊതുമരാമത്ത് വകുപ്പിന് എംഎൽഎ നിർദേശം നൽകി. എംഎൽഎ ഫണ്ടിൽ നിന്നും ഇലക്ട്രിക് വർക്കുകൾ, ഡിപ്പോയുടെ ചുറ്റും ഫെൻസിംഗ്, ഫർണിച്ചറുകൾ, കംപ്യൂട്ടർ എന്നിവ വാങ്ങും. പത്തനംതിട്ട ഡിടിഒ തോമസ് മാത്യു, പിഡബ്ല്യുഡി എഎക്സ്ഇ മുരുകേഷ് കുമാർ, ബ്ലോക്ക് എഎക്സ്ഇ ബിന്ദു, അസിസ്റ്റന്റ് എൻജിനിയർമാരായ രൂപക് ജോൺ, ശ്രീജ എന്നിവർ പങ്കെടുത്തു.
മുന്പ് ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേർന്ന് കിടന്നിരുന്ന ഭൂമി കെഎസ്ആർടിസിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. 2.41 ഏക്കർ സ്ഥലമാണ് കൈമാറിയത്.1.45 കോടി രൂപ എംഎൽഎയുടെ തനതു ഫണ്ടിൽനിന്ന് അനുവദിക്കുകയും പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായ എച്ച്എൽഎല്ലിനു നിർമാണച്ചുമതല നൽകുകയും ചെയ്തിരുന്നു. ഒന്നര കോടി രൂപ യാർഡ് നിർമാണത്തിനും 50 ലക്ഷം രൂപ ഓഫീസ് നിർമാണത്തിനും 39. 86 ലക്ഷം രൂപ അമിനിറ്റി സെന്റർ നിർമാണത്തിനും 27 ലക്ഷം രൂപ പൊക്കവിളക്ക് സ്ഥാപിക്കുന്നതിനും എംഎൽഎ ഫണ്ട് വിനിയോഗിച്ചിരുന്നു.