ചക്കുളത്തുകാവ് പൊങ്കാല നാളെ
1486568
Thursday, December 12, 2024 8:00 AM IST
തിരുവല്ല: ചക്കുളത്തുകാവില്‍ നാളെ പൊങ്കാല. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഭക്തജനങ്ങൾ ഇന്നു വൈകുന്നേരത്തോടെ ക്ഷേത്രപരിസരത്തും സമീപ റോഡുകളിലും അടുപ്പുകൾ നിരത്തും.
തിരുവല്ല മുതല്‍ തകഴി വരെയും എംസി റോഡില്‍ ചങ്ങനാശേരി-ചെങ്ങന്നൂര്‍-പന്തളം റുട്ടിലും മാന്നാര്‍-മാവേലിക്കര റൂട്ടിലും മുട്ടാര്‍-കിടങ്ങറ, വീയപുരം-ഹരിപ്പാട് റൂട്ടിലും പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തര്‍ ഇടംപിടിക്കും.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമേ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ, സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 3001 വോളണ്ടിയേഴ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
2000ല്‍പരം പോലീസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍നിന്നു ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസുകള്‍ ആരംഭിച്ചു. ആലപ്പുഴ, തിരുവല്ല ആർഡിഒമാര്‍ക്കാണ് സർക്കാർ വകുപ്പുകളുടെ കോ-ഓര്‍ഡിനേഷന്‍ ചുമതല. ക്ഷേത്ര പരിസരത്ത് താത്കാലിക ഹെല്‍ത്ത് സെന്ററുകള്‍ തുറന്നു. ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിംഗിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.
നാളെ രാവിലെ ഒന്‍പതിന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജോലിപ്പിച്ചു കൊണ്ട് പൊങ്കാലയ്ക്കു തുടക്കം കുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആർസി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാൻ റെജി ചെറിയാന് മുഖ്യാതിഥിയായിരിക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ കാർമികത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തന്‍ നമ്പൂതിരി എന്നിവർ ചേർന്ന് പൊങ്കാല സമര്‍പ്പണച്ചടങ്ങുകള്‍ നിർവഹിക്കും.
11ന് പൂജാരിമാർ എത്തി പൊങ്കാല നേദിക്കും. തുടർന്ന് ദിവ്യാ ഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും, തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി കെ.ബി. ഗണേഷ്കുമാര് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയായിരിക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകൾ നിര്‍വഹിക്കും.