നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി, ഒരാൾ അറസ്റ്റിൽ
1486051
Wednesday, December 11, 2024 3:58 AM IST
റാന്നി: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പനയ്ക്കായി സൂക്ഷിക്കുകയും കച്ചവടം ചെയ്യുകയും ചെയ്ത സ്റ്റേഷനറി കടയുടമയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ചെറുകുളഞ്ഞി വലിയകുളം കൈതതടത്തിൽ എസ്. രാജനാണ് (65) പിടിയിലായത്.
കടയിൽനിന്നു നാല് ബക്കറ്റുകളിലും രണ്ടു ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന ഹാൻസ്, കൂൾ ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇട്ടിയപ്പാറ അടച്ചിപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിലെ ഇയാൾ നടത്തുന്ന രണ്ടുമുറിക്കടയിലാണ് ഇവ വില്പനക്കായി സൂക്ഷിച്ചിരുന്നത്. അനധികൃത കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്നായിരുന്നു പരിശോധന.
പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ, എഎസ്ഐ കൃഷ്ണൻകുട്ടി, എസ്സിപിഒ അജാസ് ചാറുവേലിൽ, സിപിഒമാരായ ഗോകുൽ കണ്ണൻ, അശോകൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.