റീസര്‍വേയില്‍ ഏഴ് സെന്റ് ഭൂമി കുറവ്; രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണാന്‍ മന്ത്രി രാജീവിന്റെ നിര്‍ദേശം
1485957
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: പന്തളം കുളനട വില്ലേജില്‍ എസ്. ജലജയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച ഭൂമിയില്‍ റീ സര്‍വേയ്ക്കുശേഷം ഏഴ് സെന്റ് കുറഞ്ഞുവെന്ന പരാതിയുമായാണ് മകളുടെ ഭര്‍ത്താവ് എം. അജയ് കുമാര്‍ കോഴഞ്ചേരി താലൂക്കുതല അദാലത്തില്‍ എത്തിയത്.
രേഖകളിലെല്ലാം 41 സെന്റ് ഭൂമി തന്നെയാണ് ഉള്ളതെന്നും സർവേ രേഖകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് അത് പരിശോധിക്കാന്‍ അറിയില്ലായിരുന്നുവെന്നും നിലവില്‍ രേഖകളില്‍ പുറമ്പോക്കായി രേഖപ്പെടുത്തിയതു മൂലം നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതി.
പരാതിക്കാരന്റെ ആധാരത്തിലും നികുതി രേഖകളിലും എല്ലാം 41 സെന്റ് സ്ഥലമാണ് ഉള്ളതെന്നും റീസര്‍വേ കഴിഞ്ഞപ്പോള്‍ പുറമ്പോക്ക് ഇത്രയും കൂടിവന്നത് അസാധാരണമെന്നും മന്ത്രി പി. രാജീവ് വിലയിരുത്തി. ആധാരം, നികുതി രേഖകള്‍, സെറ്റില്‍മെന്റ് രജിസ്റ്റര്‍ എന്നിവ പരിശോധിച്ചു രണ്ടാഴ്ചക്കുള്ളില്‍ പരിഹാരം കണ്ടെത്തി അറിയിക്കാന്‍ ഭൂരേഖ തഹസില്‍ദാര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.