എം.ജി. സോമൻ ഫൗണ്ടേഷൻ അമച്വർ നാടകമത്സരം തിരുവല്ലയിൽ
1486047
Wednesday, December 11, 2024 3:58 AM IST
പത്തനംതിട്ട: എം.ജി. സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൾ കേരള കോളജ് അലൂമ്നി ഫോറം യുഎഇ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലൂമ്നി ഫെഡറേഷൻ എന്നിവരുമായി ചേർന്ന് നടത്തുന്ന അഖില കേരള അമച്വർ നാടകമത്സരം 20, 21 തീയതികളിൽ തിരുവല്ല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
45ഓളം നാടകങ്ങൾ പരിഗണിച്ചതിൽ പ്രത്യേക ജൂറി തെരഞ്ഞെടുത്ത് എട്ട് നാടകങ്ങളാണ് രണ്ടു ദിവസമായി അവതരിപ്പിക്കുന്നത്. 20നു വൈകുന്നേരം നാലിന് സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ ഫൗണ്ടേഷൻ ചെയർമാൻ ബ്ലസിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രമുഖ നാടക കഥാകൃത്ത് സി.എൽ. ജോസ് നാടകമത്സരം ഉദ്ഘാടനം ചെയ്യും. മജീഷ്യൻ സാമ്രാജ് മുഖ്യാതിഥിയാകും. എട്ട് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.
വൈകുന്നേരം ആറിന് നോക്കുകുത്തി തെയ്യം (രാഗമാലിക ആർട്സ് വട്ടിയൂർക്കാവ്), ഏഴിന് അഹല്യ (സവ്യസാചി തിരുവനന്തപുരം), എട്ടിന് വിശാല കൊച്ചിയിൽ ഇന്ന് (തിരുവനന്തപുരം ആപ്പിൾ കാർട്ട് തൃപ്പൂണിത്തറ), ഒന്പതിന് ചരിത്രം ചമയ്ക്കുന്നവർ (മാനവീയം കൊല്ലം), 21ന് വൈകുന്നേരം ആറിന് മഖ്ബറ (അഭിനയ നാടകസമിതി തൃശൂർ), ഏഴിന് വേലി (കലാകേന്ദ്ര പാലക്കാട്), എട്ടിന് വെള്ളച്ചി (ആപ്ത പയ്യന്നൂർ), ഒന്പതിന് റെഡ് അലെർട്ട് (പു.ക.സ. കോഴിക്കോട്) എന്നിവ അരങ്ങേറും.
ഏറ്റവും നല്ല നാടകത്തിന് ഒന്നാം സമ്മാനമായി 50,000 രൂപ, രണ്ടാം സമ്മാനം 25,000 രൂപയും മികച്ച സംവിധായകൻ, അഭിനേതാവ്, തിരക്കഥ എന്നിവയ്ക്ക് കാഷ് അവാർഡും സമ്മാനിക്കും. കൂടാതെ ട്രോഫികളും പുരസ്കാരമായി നൽകും. എം.ജി. സോമന്റെ ചരമവാർഷികദിനമായ നാളെ രാവിലെ എട്ടിന് ഫൗണ്ടേഷൻ നേതൃത്വത്തിൽ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തും.
ഫൗണ്ടേഷൻ സെക്രട്ടറി കൈലാസ് കുറുപ്പ്, രവീന്ദ്രൻ നായർ, മോഹൻ അയിരൂർ, ജനറൽ കൺവീനർ സുരേഷ് കാവുംഭാഗം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സോമഗായത്രി നാളെ
തിരുവല്ല: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച ചലച്ചിത്ര നടൻ എം.ജി. സോമന്റെ 27 -ാമത് അനുസ്മരണം സോമഗായത്രി നാളെ നടക്കും. 3.30ന് ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ അനുസ്മരണസഭ ഉദ്ഘാടനം ചെയ്യും.
തപസ്യ ജില്ലാ ചെയർമാൻ അഹമ്മദ് കബീർ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് എം.ജി. സോമനെ അനുസ്മരിക്കും. തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും.