കോട്ടുക്കല്‍ ഭഗവതി ക്ഷേത്ര വേദിയില്‍ ആര്‍എസ്എസ് ഗണഗീതം
1540744
Tuesday, April 8, 2025 2:58 AM IST
അഞ്ചല്‍ : കടയ്ക്കലിന് പിന്നാലേ കോട്ടുക്കല്‍ ശ്രീഭദ്രഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉപേദേശക സമിതിയും ഗാനമേള വിവാദത്തിൽ.
ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളക്കിടെ ആര്‍എസ്എസ് പ്രചാരണ ഗീതം പാടിയെന്നതാണ് പരാതി. ഉപദേശക സമിതിയിലെ അംഗം തന്നെ കടയ്ക്കല്‍ പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്.
ഉപദേശകസമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രമായ ഇവിടെ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന് കാട്ടി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരാതി നല്‍കിയത്. പരാതിയില്‍ കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം വിവാദം രാഷ്ട്രീയ പ്രേരിതവും ഗൂഡലക്ഷ്യത്തോടെയും ആണെന്ന് ഉപദേശക സമിതി പ്രസിഡന്റ് ശ്രീജേഷും ഉപദേശക സമിതി അംഗം ഗിരീഷും പറഞ്ഞു. ഗണഗീതമല്ല പാടിയെതെന്നും ദേശഭക്തി ഗാനമാണ് പാടിയെതെന്നും ഉപദേശക സമിതി വാദിക്കുന്നു.
എന്നാല്‍ കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിൽ ആർഎസ്എസ് ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
അന്വേഷണത്തിന് കൊട്ടാരക്കര ദേവസ്വം അസി. കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി ആലോചിക്കുക. നേരത്തെ വിപ്ലവ ഗാന വിവാദത്തിന്റെ പശ്ചാത്തലത്തിൽ കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു.