കരുനാഗപ്പള്ളി കൊലപാതകം; ഏഴാം പ്രതി പിടിയില്‍
1540743
Tuesday, April 8, 2025 2:58 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയില്‍. കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന ഏഴാം പ്രതി സാമുവലാണ് പിടിയിലായത്. ബംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കരുനാഗപ്പള്ളി പോലീസാണ് പിടികൂടിയത്.
കൃത്യത്തിന് ഉപയോഗിച്ച വാഹനം ഓടിച്ചത് സാമുവല്‍ ആയിരുന്നു. ഇതോടെ കേസില്‍ ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്കിയ ഓച്ചിറ സ്വദേശി പങ്കജ് മേനോനെ രണ്ട് ദിവസം മുമ്പ് കല്ലമ്പലത്ത് നിന്ന് കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു.
കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന രാജീവ് (രാജപ്പന്), ഹരി (മൈന), സോനു, പ്യാരി എന്നിവരും പ്രതികള്‍ക്ക് വാഹനം ഏർപ്പാടാക്കിയ മനു (കുക്കു), ചക്കര അതുല്‍ എന്നിവരും നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളി അയണിവേലികുളങ്ങര കെട്ടിശേരില്‍ കിഴക്കതില്‍ സന്തോഷ് കുമാറിനെ (45) മാതാവിന്റെ മുന്നില്‍ വച്ച് അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.