കുളത്തൂപ്പുഴയിലെ പാതയോരങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നു
1540739
Tuesday, April 8, 2025 2:58 AM IST
കുളത്തൂപ്പുഴ : സമ്പൂർണ മാലിന്യ മുക്ത ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച കുളത്തൂപ്പുഴയിലെ പാതയോരങ്ങളിൽ രാത്രിയുടെ മറവിൽ വീണ്ടും മാലിന്യം തള്ളുന്നു.
പലസ്ഥലങ്ങളിലും നിരീക്ഷണ സംവിധാനം ഇല്ലാത്തതിനാൽ നടപടിയെടുക്കാനാവാതെ കുഴങ്ങുകയാണ് അധികൃതർ. പൊതുനിരത്തുകളിലും പാതയോരങ്ങളിലും ഉള്ള മാലിന്യങ്ങൾ എടുത്ത് നീക്കിയശഷം ഇക്കഴിഞ്ഞ മാർച്ച് 30നാണ് കുളത്തൂപ്പുഴയെ സമ്പൂർണ മാലിന്യ മുക്ത ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചത്.
ഇപ്പോൾ പാതയോരങ്ങളിൽ ചാക്കിൽ കെട്ടിയ നിലയിൽ പ്ലാസ്റ്റിക്കും നിർമാണ സാമഗ്രികളും ഭക്ഷണ അവശിഷ്്ടങ്ങളും അടക്കം തള്ളുന്നുണ്ട്. മലയോര ഹൈവേയിൽ ചന്ദനക്കാവ് ജംഗ്ഷൻ സമീപം നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയതിന് സമീപത്തായി നാലോളം സ്ഥലത്താണ് ഇത്തരത്തിൽ മാലിന്യം തള്ളിയിരിക്കുന്നത്. അമ്പതേക്കർ വനപാതയിലും ഇത്തരത്തിൽ മാലിന്യം തള്ളിയിട്ടുണ്ട്.
സമ്പൂർണ മാലിന്യമുക്ത ശുചിത്വമുള്ള കുളത്തൂപ്പുഴയായി പരിപാലിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന നിലയിലുള്ള ചിലരുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.