സാമ്പ്രാണിക്കോടിയിൽ തിരക്കോട് തിരക്ക്...
1540514
Monday, April 7, 2025 6:23 AM IST
കൊല്ലം: അവധിക്കാലമെത്തിയതോടെ സാമ്പ്രാണിക്കോടിയിൽ സഞ്ചാരികളുടെ തിരക്കേറി. സ്കൂളുകളെല്ലാം മധ്യവേനൽ അവധിക്ക് അടച്ചതോടെ കുട്ടിക്കൂട്ടങ്ങളെല്ലാം ആഘോഷപൂര്‍വം സാമ്പ്രാണിക്കോടിയിലേക്ക് ഒഴുകി എത്തുകയാണ്.
അവധി ദിവസങ്ങളിൽ ഇവരുടെ വരവ് അനിയന്ത്രിതമാണ്. അഷ്ടമുടിയുടെ ഓളപ്പരപ്പുകള്‍ അക്ഷരാർഥത്തിൽ കുട്ടികളുടെ കലപിലാരവത്താൽ മുഖരിതമാണ്. രക്ഷിതാക്കൾക്കൊപ്പമാണ് കുട്ടികൾ സാമ്പ്രാണിക്കോടിയുടെ സൗന്ദര്യം നുകരാൻ എത്തുന്നത്.
അവധിക്കാല ആഘോഷത്തിന് സംസ്ഥാനത്തെ സ്കൂൾ കുട്ടികള്‍ ഏറ്റവും അധികവും തെരഞ്ഞെടുത്ത തുരുത്തായി സാമ്പ്രാണിക്കോടി മാറി കഴിഞ്ഞു. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍നിന്ന് കുട്ടികള്‍ എത്തുന്നു. വീട്ടുകാരോടൊത്തും വലിയ ഗ്രൂപ്പുകളായും കുട്ടികള്‍ എത്തി തുടങ്ങിയതോടെ അധികൃതര്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
കരയിലും കായലിലും കൂടുതല്‍ ജാഗ്രതാ നിർദേശങ്ങൾ നൽകുന്നുണ്ട്. എല്ലാവര്ക്കും ജാക്കറ്റും മറ്റു സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയാണ് കായൽ യാത്ര ക്രമീകരിച്ചിട്ടുള്ളത്. യാത്രാബോട്ടുകളും ശക്തമായ നിരീക്ഷണത്തിലാക്കി.
ഗ്രൂപ്പുകളായി എത്തുന്ന സംഘങ്ങള്‍ക്ക് പ്രവേശന ഫീസായ 150 രൂപയില്‍ പ്രത്യേകം ഇളവ് അനുവദിച്ചതോടെ സംഘങ്ങളായാണ് അധികം പേരും എത്തുന്നത്. സാമ്പ്രാണിക്കോടി, മണലിക്കട, കുരീപ്പുഴ എന്നീ മൂന്ന് ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് മാത്രമാണ് തുരുത്തിലേക്ക് ബോട്ട് സര്‍വീസ് ഉള്ളത്. ബോട്ടിലെ യാത്രാക്കൂലിയും തുരുത്തിലെ പ്രവേശന ഫീസും ചേര്‍ത്താണ്
ഒരാളില്‍ നിന്ന് 150 രൂപ ഈടാക്കുന്നത്. കടവുകളിലെ തിരക്ക് ഒഴിവാക്കാന്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള സഞ്ചാരികള്‍ കൊല്ലം ബൈപാസില്‍ കാവനാട് കുരീപ്പുഴ പാലത്തിനു സമീപമുള്ള കുരീപ്പുഴക്കടവ് ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും നിലവിലുണ്ട്. അഞ്ചു വയസിനു മുകളിലുള്ളവര്‍ക്കാണ് ഫീസ് ഈടാക്കുന്നത്.
ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയത് അറിയാതെയും ദിവസവും നൂറുകണക്കിന് ആൾക്കാർ ഇവിടെ എത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങനെ എത്തുന്നവരെ എല്ലാവരെയും പൂർണമായി ഉൾക്കൊള്ളാൻ ആവശ്യത്തിന് ബോട്ട് സർവീസ് ഇല്ല എന്ന പരിമിതിയുമുണ്ട്.