സിപിഐ നേതാക്കൾക്കെതരേ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി
1540519
Monday, April 7, 2025 6:23 AM IST
കൊട്ടാരക്കര:നെല്ലിക്കുന്നം കോരുത് വിളയിൽ സ്വകാര്യ വ്യക്തി നിയമലംഘനം നടത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെതിരേ ഇടപെട്ട സിപിഐ നേതാക്കൾക്കെതിരെ വ്യാജ ആരോപണം നടത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ നെല്ലിക്കുന്നം കോരുത് വിള റോഡിന്റെ അഭിമുഖമായുള്ള പുരയിടത്തിന്റെ സംരക്ഷണ ഭിത്തി നിർമിക്കുന്നത് തടയാൻ ശ്രമിച്ചത് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ നിലയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സിപിഐ ഉമ്മന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അജികുമാർ പറഞ്ഞു.
പഞ്ചായത്തിൽ നിന്ന് അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ പരാതി ഉയരുകയും അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് രണ്ടാഴ്ചയോളം നിർമാണം നിർത്തി വച്ചു.കഴിഞ്ഞ ദിവസം വീണ്ടും അനുമതിയില്ലാതെ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതാണ് ജനപ്രതിനിധികളും സിപിഐ നേതാക്കളും തടഞ്ഞത്. നിയമ വിരുദ്ധമായി നിർമാണം നടത്തിയതിനെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഐ മണ്ഡലം കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ സുനിൽ.ടി.ഡാനിയേലിനെ അപായപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി. എന്നാൽ അവിടെയുണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
പിരിവ് ചോദിച്ചത് നല്കാത്തതിന്റെ വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്ന് വരുത്തി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ മറക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി വകുപ്പ് തല അന്വേഷണത്തിലൂടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുമെന്നും വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.