തണ്ണിമത്തന് മുതല്‍ മുല്ലപ്പൂവരെ... കാര്‍ഷികസമൃദ്ധിയുടെ ചിറക്കര മാതൃക
1540136
Sunday, April 6, 2025 6:21 AM IST
കൊല്ലം: സുഗന്ധപൂരിതമാകാന്‍ ഒരുങ്ങുകയാണ് ചിറക്കര. മുല്ലപ്പൂ തൈകള്‍ നിരനിരയായി കാണാമിവിടെ. വേനലിന്റെ ദാഹശമനിയായി നിരന്ന തണ്ണിമത്തന് ദിനങ്ങള്‍ക്ക് പിന്നാലെയാണ് പഞ്ചായത്തിലെ കര്‍ഷകര്‍ 'മുല്ലപ്പൂ വിപ്ലവത്തിന്' തുടക്കമിട്ടത്. കര്‍ഷകക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതികളെല്ലാം വിജയിപ്പിച്ചെടുത്ത ചരിത്രമുണ്ട് ചിറക്കര പഞ്ചായത്തിന്. പരമ്പരാഗത കൃഷിയിനങ്ങള്ക്കൊപ്പം വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങളും ഇവിടുത്തെ കാര്‍ഷിക രംഗത്തിന്റെ മാറ്റുകൂട്ടുന്നു.
കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രംവഴിയുള്ള സൗജന്യജൈവ-രാസ കീടനാശിനി വിതരണവും സൗജന്യസേവനങ്ങളും വികസനപ്രവര്‍ത്തനങ്ങളുമെല്ലാം കാര്ഷികസമൃദ്ധതിയുടെ അടയാളപ്പെടുത്തലുകളാണ്. കിഴങ്ങുവര്‍ഗങ്ങള്‍ക്ക് സബ്സിഡി, വാഴവ്യാപന പദ്ധതി, ഇടവിളകൃഷി തുടങ്ങി പലവകയാണ് കൃഷിനിര.കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും വിവിധസൗകര്യങ്ങള്‍ ഒരുക്കുന്നതിലും പ്രത്യേക ശ്രദ്ധ നല്‍കുക വഴി നവകര്ഷകരും കുടുംബശ്രീ കൂട്ടായ്മകളുമെല്ലാം കൃഷിയിലേക്ക് കടന്നുവരികയാണ്.
പുതുതലമുറയെ കൃഷിയുടെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിന് ഊന്നല്‍ നല്കുന്നു. കൂട്ടായ്മയിലൂടെ കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നുമുണ്ട്. ഇങ്ങനെയാണ് കൃഷിലാഭകരമാക്കാന് വഴിയൊരുക്കുന്നത്. കര്‍ഷകരുടെ എണ്ണത്തിലും കൃഷിയില്‍നിന്നുള്ള ലാഭത്തിലുമുള്ള വര്‍ധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി മാറുകയുമാണ്.
കഴിഞ്ഞ ദിവസമാണ് കുടുംബശ്രീ സിഡിഎസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള മുല്ലപ്പൂ കൃഷിക്ക് തുടക്കമായത്. കുടുംബശ്രീ മിഷന്റെ 11,125 രൂപ സബ്സിഡിനിരക്കില്‍ ലഭിച്ച 1000 ഹൈബ്രിഡ് മുല്ലത്തൈകളാണ് നട്ടത്. 1000 എച്ച് ഡി പി ഗ്രോബാഗില്‍ നട്ട ചെടികള്‍ പൂക്കാന്‍ മൂന്നു മുതല്‍ ആറുമാസം വരെയാണ് കാലപരിധി.
നെടുങ്ങോലത്ത് ജെ എല്‍ ജി ഗ്രൂപ്പ്അംഗങ്ങളുടെ നേതൃത്വത്തില്‍ വേനല്‍ മധുരം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത തണ്ണിമത്തന്റെ വിളവെടുപ്പ് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്.
വിഷരഹിത തണ്ണിമത്തന് ജനങ്ങളിലെത്തിക്കാനും വനിതകള്‍ക്ക് ഉപജീവന മാര്‍ഗം ഒരുക്കാനും കുടുംബശ്രീ ജില്ലാ മിഷന് കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായാണ് കൃഷിയൊരുക്കിയത്.
ഷുഗര്‍ ബേബി, കിരണ്‍ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ഒരു ടണ്ണോളം തണ്ണിമത്തനാണ് കൃഷിയിടത്തില്‍ വിളഞ്ഞത്. വിളവെടുത്ത തണ്ണിമത്തന് നാട്ടുചന്ത വഴിയും പ്രാദേശിക കാര്‍ഷികചന്ത വഴിയും വിറ്റഴിച്ചു.വിജയമാതൃക പിന്തുടരാന് ഒട്ടേറെ കര്‍ഷകര്‍ മുന്നോട്ടുവരികയാണ്.
കൃഷിഭവന്റെ സഹായത്തോടെ കാര്‍ഷിക പ്രവൃത്തികളിലേക്ക് കടന്നുവരികയാണ് ഗ്രാമം. നവാഗത കര്‍ഷകര്‍ക്കും അയല്ക്കൂട്ടങ്ങള്ക്കുമെല്ലാം പ്രചോദനവും സഹായവുമായി പഞ്ചായത്ത് കൂടെയുണ്ടാവുമെന്ന് പ്രസിഡന്റ് ടി.ആര്.സജില ഉറപ്പ് നൽകുന്നു.